CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 4 Minutes 51 Seconds Ago
Breaking Now

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധം; വൈദികനെ ഉടന്‍ മോചിപ്പിക്കണമെന്ന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍

ലണ്ടന്‍: മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുള്ള ഫാ. സ്റ്റാന്‍ സ്വാമിയെ എത്രയും പെട്ടെന്ന് മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരികെ അയക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആവശ്യപ്പെട്ടു. എപ്പാര്‍ക്കിയുടെ ലണ്ടന്‍ റീജിയണിലെ അല്‍മായ പരിശീലന പരിപാടി ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ ഒരു ദൈവിക ശുശ്രൂഷയായി കണ്ടുകൊണ്ട് ദുര്‍ബലരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ഫാ. സ്റ്റാന്‍ സ്വാമിയെപ്പലെയുള്ള നിസ്വാര്‍ത്ഥമതികളായ നിരവധി പ്രേഷിതരിലൂടെയാണ് ഈ ദൈവീകശുശ്രൂഷയില്‍ സഭ പങ്കാളിയാകുന്നത്. ആദിവാസികളുടെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളെ തകര്‍ക്കാനുള്ള ഈ ശ്രമത്തില്‍ നിന്നും അധികാരികള്‍ പിന്‍വാങ്ങണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. 

ഭീമകൊരേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ സമിതി കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് ഫാ. സ്റ്റാന്‍ സ്വാമിയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി അറസറ്റ് ചെയ്തു കൊണ്ട് പോയത്. എന്നാല്‍ തനിക്ക് ഈ സംഭവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വൈദികന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.   

പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടാതിരിക്കുവാനും എല്ലാവര്‍ക്കും തുല്യപരിഗണ ഉറപ്പുവരുത്തുവാനും ഭരണകൂടം തയ്യാറാകണമെന്നും ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണമെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

ഫാ. ടോമി എടാട്ട്

പിആര്‍ഒ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 

 




കൂടുതല്‍വാര്‍ത്തകള്‍.