CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 38 Minutes 11 Seconds Ago
Breaking Now

ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് യുക്മയുടെ പ്രണാമം ; പതിനൊന്നാമത് ദേശീയ കലാമേള എസ് പി ബി യുടെ നാമധേയത്വത്തിലുള്ള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം നഗറില്‍

കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍, യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്, ദേശീയ കലാമേള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്.

കോവിഡ് മഹാമാരിയുടെ തേരോട്ടത്തില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ആത്മാവിലേറ്റ പ്രഹരമായിരുന്നു എസ് പി ബാലസുബ്ഹ്മണ്യത്തിന്റെ വിയോഗം. അദ്ദേഹത്തോടുള്ള ഓരോ ഇന്ത്യക്കാരന്റെയും, ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പതിനൊന്നാമത് യുക്മ ദേശീയ കലാമേള 'എസ് പി ബി നഗര്‍' എന്ന് നാമകരണം ചെയ്ത  വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും.

മുന്‍ വര്‍ഷങ്ങളിലേത്‌പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തില്‍ നിന്നും ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങളില്‍നിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകള്‍ ഈവര്‍ഷം നഗര്‍ നാമകരണ മത്സരത്തില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും  എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേര് മാത്രമാണ് വ്യക്തിയെന്ന നിലയില്‍ നിര്‍ദ്ദേശിച്ചതെന്നത് 2020 കലാമേളയുടെ മാത്രം സവിശേഷതയായി.

പേര് നിര്‍ദ്ദേശിച്ചവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണിലെ, കീത്ത്‌ലി മലയാളി അസോസിയേഷനില്‍ നിന്നുമുള്ള ഫെര്‍ണാണ്ടസ് വര്‍ഗ്ഗീസ് ആണ്. കൂടാതെ ജിജി വിക്ടര്‍, ടെസ്സ സൂസന്‍ ജോണ്‍, സോണിയ ലുബി എന്നിവര്‍ക്കു കൂടി പ്രോല്‍സാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ദേശീയ കലാമേളയോടനുബന്ധിച്ച്  വിജയിയെ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നതാണ്.

ഭാരതീയ സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും  നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം എസ്  വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ എന്‍ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടന്‍ കലാഭവന്‍ മണിയും, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും, തെന്നിന്ത്യന്‍ അഭിനയ വിസ്മയം ശ്രീദേവിയും എല്ലാം അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.

ലോഗോ രൂപകല്‍പ്പന മത്സരത്തില്‍ വിജയി......... 

കലാമേള ലോഗോ മത്സരവും അത്യന്തം വാശിയേറിയതായിരുന്നു ഈ വര്‍ഷവും. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ഈസ്റ്റ്‌ബോണില്‍ നിന്നുമുള്ള സജി സ്‌കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ (സീമ) ഈസ്റ്റ് ബോണിന്റെ പി.ആര്‍.ഒ കൂടിയാണ് സജി സ്‌കറിയ. ലോഗോ മത്സര വിജയിയെയും ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നതാണ്.

കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍, യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ്, ദേശീയ കലാമേള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്. തികച്ചും വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം യുക്മ ഏറ്റെടുക്കുമ്പോള്‍ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി, പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയിപ്പിക്കണമെന്ന് റീജിയണല്‍ ഭാരവാഹികളോടും, അംഗ അസോസിയേഷന്‍ ഭാരവാഹികളോടും പ്രവര്‍ത്തകരോടും, ഒപ്പം എല്ലാ യു കെ മലയാളികളോടും യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കലാമേളയുടെ ചുമതലയുള്ള ദേശീയ ഉപാദ്ധ്യക്ഷ ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

സജീഷ് ടോം 

(യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.