
















ബാരി: ബാരിയിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്നിരുന്ന ആര്‍ട്‌സ് & ഡാന്‍സ് സെന്റര്‍ വെയില്‍ ഓഫ് ഗ്ളാമോര്‍ഗന്‍ എം പിയും യുകെ സയന്‍സ് & ടെക്‌നോളജി മന്ത്രിയുമായ ശ്രീ കനിഷ്‌ക നാരായണ്‍ ഡിസംബര്‍ 20 ന് ഉത്ഘാടനം ചെയ്തു. ബാരിയിലെ മലയാളികള്‍ നാളുകളോളം കാത്തിരുന്ന ഒരു ആര്‍ട്‌സ് സെന്റര്‍ ഇവിടെ തുറക്കുകയായി.

കുട്ടികളുടെ വ്യക്തി വികസന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുക, വിവിധ തരം ഇന്ത്യന്‍ ഡാന്‍സുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും പഠിപ്പിക്കുക, മൊബൈല്‍ അടിമത്ത്വത്തില്‍ നിന്നും കുറച്ചു മണിക്കൂറുകള്‍ എങ്കിലും മാറി നില്‍ക്കുവാന്‍ സഹായിക്കുന്ന വിവിധ തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക, സംഗീത ക്ലാസുകള്‍, മലയാളം ക്ലാസുകള്‍, തുടങ്ങി പലതരം പരിപാടികളാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാരിയിലെ മലയാളികളുടെ പ്രിയങ്കരനായ കനിഷ്‌ക എല്ലാവരോടും ക്ഷേമാന്വേഷണങ്ങള്‍ നടത്തി.

യുകെ മന്ത്രി ആയിരിക്കെ തിരക്കേറിയ ജോലിത്തിരക്കിനിടയിലും ബാരിയില്‍ ഓടിയെത്തിയ മന്ത്രിയെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രസിഡന്റ് റ്റോമ്പില്‍ കണ്ണത്ത് അധ്യക്ഷം വഹിച്ചു. തുടര്‍ന്ന് ശ്രീ കനിഷ്‌ക നാരായണ്‍ ആര്‍ട്ട് & ഡാന്‍സ് സെന്റര്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു, എല്ലാവിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുക്മ ദേശീയ കമ്മറ്റി അംഗം കൗണ്‍സിലര്‍ ബെന്നി അഗസ്റ്റിന്‍, യുക്മ വെയില്‍സ് റീജിയന്‍ വൈസ് പ്രസിഡന്റ് പോള്‍ പുതുശ്ശേരി, റീജിയണല്‍ ജോയിന്റ് സെക്രട്ടറി ഗീവര്‍ഗീസ് മാത്യു, റീജിയണല്‍ കമ്മറ്റി അംഗങ്ങളായ മാമ്മന്‍ ഫിലിപ്പ്, ബെര്‍ലി മാളിയേക്കല്‍, അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് നിതിന്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തദവസരത്തില്‍ സന്നിഹിതരായിരുന്ന കുട്ടികള്‍ നൃത്തചുവടുകള്‍ കളിച്ചുകൊണ്ട് മന്ത്രിയുടെ സാന്നിത്യം കൂടുതല്‍ ശോഭനമാക്കി.
(നിതിന്‍ ജോര്‍ജ് പെനാര്‍ത്ത്)