CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 23 Seconds Ago
Breaking Now

അപേക്ഷിച്ച ദിവസം തന്നെ ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷ് വിസ

അപേക്ഷിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാക്കുന്ന തരത്തില്‍ ബ്രിട്ടന്റെ വിസ പരിഷ്‌കരണം. ചൊവ്വാഴ്ചയാണ് പുതിയ വിസ സര്‍വ്വീസിന്‌ ബ്രിട്ടണ്‍ തുടക്കം കുറിച്ചത്.

അധിക പരിഗണന വിസ സര്‍വ്വീസ് (സൂപ്പര്‍ പ്രയോരിറ്റി വിസ) വിഭാഗത്തില്‍പ്പെടുത്തിയാണ് ഇന്ത്യക്കാര്‍ക്ക്‌ വിസ ലഭ്യമാക്കുന്നത്.  നിലവില്‍ ബ്രിട്ടന്റെ ഈ വിസ സേവനം ലഭിക്കുന്ന ഏകരാജ്യമാണ് ഇന്ത്യ. 

ഇന്ത്യ സന്ദര്‍ശനവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് പുതിയ വിസ സര്‍വ്വീസ് പ്രഖ്യാപിച്ചത്.

രാവിലെ 9.30ന് മുമ്പ് ഓണ്‍ലൈനായി ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ വൈകിട്ട് 5.30ന് ഡല്‍ഹിയിലുള്ളവര്‍ക്കും 6.30ന് മുംബൈയിലുള്ളവര്‍ക്കും വിസ  ലഭിക്കും.

വിസ തുകയെ കൂടാതെ 50,000 രൂപയാണ് ഈ സേവനത്തിന് വേണ്ടി അധികം നല്‍കേണ്ടി വരിക. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ളവര്‍ക്ക് ഈ സേവനം ലഭ്യമാകും. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചെന്നൈയിലേക്കും സര്‍വ്വീസ് വ്യാപിപ്പിക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യാന്തര വ്യാപാരം പ്രോത്സാഹിപ്പിച്ച് ബ്രിട്ടനില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെ വിസ പരിഷ്‌കരണങ്ങളെന്ന് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാപ്പര്‍ പറഞ്ഞു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ദീര്‍ഘകാലത്തെ വ്യാപാരബന്ധമാണുള്ളത്. അതിനാല്‍ തന്നെയാണ് ഇന്ത്യക്കാര്‍ക്ക്   ഇത്രയേറെ വിസ  സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതെന്നും ഹാപ്പര്‍ കൂട്ടിച്ചേര്‍ത്തു.

ആറ് മാസത്തേക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍ പല തവണ വരാന്‍ വേണ്ടിയോ വിസക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് അപേക്ഷിച്ച ദിവസം തന്നെ വിസ ലഭ്യമാകുക.  എന്നാല്‍ വിദ്യാര്‍ത്ഥി വിസകള്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. മാത്രവുമല്ല അവസാന അഞ്ച് വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ യുകെ,യുഎസ്, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കു മാത്രമേ ഈ സൗകര്യത്തിന് അപേക്ഷിക്കാന്‍ കഴിയൂ. എന്നാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഒറ്റ ദിവസം കൊണ്ട് വിസ ലഭിക്കണമെന്നില്ല. ബ്രിട്ടന്റെ കുടിയേറ്റ നിയമത്തില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിച്ച ദിനത്തില്‍ തന്നെ വിസ ലഭ്യമാകൂ.

ഇന്ത്യയെ കൂടാതെ ചൈന, ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം  ശരാശരി 70,000 ബിസിനസ്സ് വിസകള്‍ ഇന്ത്യക്കാര്‍ക്കു മാത്രമായി യുകെ  അനുവദിക്കുന്നുണ്ട്. 2012ല്‍ 69,600 വിസ ആപ്ലിക്കേഷനുകള്‍ ലഭിച്ചതില്‍ 67,400  വിസകള്‍ക്ക് അനുമതി ലഭിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.