ഈ മാസം അവസാനത്തോടെ യുകെയില്‍ ശൈത്യകാലം കൊടുമ്പിരികൊള്ളുമെന്ന് മുന്നറിയിപ്പ്. രണ്ടാമത്തെ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വീശിയടിക്കുന്നതോടെയാണ് കനത്ത മഞ്ഞും, പോളാര്‍ പ്രദേശത്തെ താപനിലയും യുകെയെ തേടിയെത്തുന്നത്. ആര്‍ട്ടിക്കിന് മുകളില്‍ സഡന്‍ സ്ട്രാറ്റോസ്‌ഫെറിക് വാമിംഗ് (എസ്എസ്ഡബ്യു) വികസിക്കുന്നതായി മീറ്റിയോറോളജിസ്റ്റുകള്‍ സ്ഥിരീകരിച്ചു. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ സ്തംഭനാവസ്ഥയില്‍ നിര്‍ത്തിയ അതേ പ്രതിഭാസമാണ് ഇപ്പോള്‍ രൂപപ്പെടുന്നത്.
സ്ട്രാറ്റോസ്ഫിയറിന്റെ ഒരു ഭാഗം ഇതിനകം 50 സെല്‍ഷ്യസിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം ബ്രിട്ടനിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ജെറ്റ് സ്ട്രീം തടസ്സപ്പെടാന്‍ കാരണമാകും. സ്‌കാന്‍ഡിനേവിയയിലെ നോര്‍ത്ത് മേഖലയിലെ ഫ്രീസിംഗ് സ്ഥിതി ബ്രിട്ടനിലും എത്താന്‍ സാധ്യതയും ഏറെയാണ്. ഈ പ്രതിഭാസം മൂലം രാജ്യത്തിന്റെ നല്ലൊരു ശതമാനം മേഖലയും കനത്ത മഞ്ഞില്‍ മൂടാനുള്ള സാധ്യതയുണ്ട്. പകല്‍ സമയത്ത് പോലും -5 സെല്‍ഷ്യസിലേക്ക് താപനില താഴാം. ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന ഈ അവസ്ഥ ഫെബ്രുവരിയിലും കാണും.
ഇത്തരം അവസ്ഥകള്‍ മൂലം എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ താറുമാറാകുമെന്നാണ് ആശങ്ക. ഇതിന് പുറമെ വീടുകളില്‍ ഐസൊലേഷനിലുള്ള ആളുകള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതും, ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതും ബാധിക്കപ്പെടുമെന്നാണ് ഭയം. അടുത്ത നാല് മുതല്‍ ആറ് ആഴ്ച വരെയുള്ള സമയത്ത് യൂറോപ്പ് ഭൂഖണ്ഡത്തില്‍ തണുപ്പേറിയ അവസ്ഥ ഒഴുകിയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ വിന്ററിലെ കൊടുങ്കാറ്റും, കനത്ത മഴയും ഇക്കുറി ഒവിവാകും.
2018ല്‍ മെറ്റ് ഓഫീസ് ആദ്യമായി മഞ്ഞിനുള്ള റെഡ് വാണിംഗ് പുറപ്പെടുവിച്ചിരുന്നു. കനത്ത തണുപ്പ് മൂലം കെട്ടിടങ്ങള്‍ക്കും, റോഡുകള്‍ക്കും കേടുപാട് സംഭവിക്കാനുള്ള സാധ്യതയാണ് ആ സമയത്ത് ഉണ്ടായിരുന്നത്. യുകെ റോഡുകളില്‍ കേവലം മൂന്ന് ദിവസം കൊണ്ട് കാറുകള്‍ക്ക് 10 മില്ല്യണ്‍ പൗണ്ടിന്റെ കേടുപാട് ഉണ്ടായെന്നാണ് ഇന്‍ഷുറേഴ്‌സ് എഎ കണക്ക്.