Breaking Now

കേരളം ആര്‍ക്കൊപ്പം, നാട്ടില്‍ ഇല്ലെങ്കിലും പ്രവാസികള്‍ക്കും ചങ്കിടിപ്പ്; ആരുടെയൊക്കെ മീശയും, മുടിയും പാതി പോകുമെന്ന് കാത്തിരുന്ന് കാണാന്‍ ഒരു മാസം കഴിയണം; ശബരിമല ശാസ്താവിനെ 'വോട്ടാക്കാന്‍' പിണറായി; സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എല്‍ഡിഎഫിനൊപ്പം; വോട്ടെടുപ്പ് ദിവസം വാക്കുമാറ്റുന്ന മുഖ്യന് പരാജയഭീതിയെന്ന് ഉമ്മന്‍ചാണ്ടി

സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണെന്നാണ് പിണറായി വിജയന്റെ വാക്കുകള്‍

കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അതേരൂപത്തില്‍ അനുഭവിക്കുന്നവരാണ് പ്രവാസികള്‍. നാട്ടിലെ രാഷ്ട്രീയ വികാര-പ്രതികരണങ്ങളില്‍ തങ്ങളുടേതായ വ്യക്തമായ നിലപാട് സ്വീകരിക്കുന്നവരാണ് മലയാളികളായ പ്രവാസികള്‍. ഇക്കുറി ഭരണം തുടരാന്‍ എല്‍ഡിഎഫും, ഭരണം തിരിച്ചുപിടിക്കാന്‍ യുഡിഎഫും, മൂന്നാം ബദല്‍ സൃഷ്ടിക്കാന്‍ എന്‍ഡിഎയും കച്ചകെട്ടി ഇറങ്ങുമ്പോള്‍ ആവേശം വാനോളമാണ്. 

തെരഞ്ഞെടുപ്പിന്റെ പേരിലും, സ്ഥാനാര്‍ത്ഥികളുടെ പേരിലും ബെറ്റ് വെച്ചും, നാട്ടിലെ സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിച്ചും, വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തും ഏറ്റവും പുതിയ വിവരങ്ങള്‍ നേടാനും പ്രവാസികള്‍ ശ്രമിച്ച് വരും. എന്തായാലും ആര് വാഴും, ആര് വീഴും എന്നറിയാന്‍ ഒരു മാസത്തോളം കാത്തിരിക്കണമെന്നതിനാല്‍ പ്രത്യാഘാതമായി ആരുടെയെല്ലാം പാതി മീശ നഷ്ടമാകുമെന്നും, തലമൊട്ടയടിക്കേണ്ടി വരുമെന്നുമെല്ലാം അറിയാന്‍ മെയ് 2 വരെ കാത്തിരിക്കേണ്ടി വരും. 

ശബരിമലയില്‍ സ്ത്രീകളെ കയറ്റി ആചാരലംഘനം നടത്താന്‍ മുന്‍കൈ എടുത്തെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ശരണം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണെന്നാണ് പിണറായി വിജയന്റെ വാക്കുകള്‍. പിണറായി ഹൈസ്‌കൂളില്‍ ഭാര്യക്കൊപ്പം കാല്‍നടയായി എത്തിയാണ് പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും, മനഃസമാധാനം തരുന്ന സര്‍ക്കാര്‍ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടിന് മറുപടി പറയുകയായിരുന്നു മുഖ്യന്‍. 

അതേസമയം മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് പറഞ്ഞത് ആര് വിശ്വസിക്കുമെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കേരളത്തിലെ ഒരു വിശ്വാസി പോലും ഇത് വിശ്വസിക്കില്ല. സ്ത്രീകളെ കയറ്റാമെന്ന് സത്യവാങ്മൂലം തിരുത്തി നല്‍കി, അത് പിന്‍വലിക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാര്‍ പറഞ്ഞതൊന്നും ആരും മറക്കില്ല. വോട്ടെടുപ്പ് ദിവസം വാക്ക് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. 

അയ്യപ്പ ഭക്തരുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ച സര്‍ക്കാരിന് ദൈവകോപവും, ജനങ്ങളുടെ കോപവും നേരിടേണ്ടി വരുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. നിരീശ്വരവാദിയായ മുഖ്യന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നാണ് ചെന്നിത്തല സംശയം ഉന്നയിക്കുന്നത്. എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. 

എന്നാല്‍ കേരളത്തില്‍ രണ്ട് മുന്നണികള്‍ക്കും തനിച്ച് ഭരിക്കാന്‍ കഴിയില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മൂന്നാം ബദലിനായാണ് കേരളത്തിലെ വോട്ടര്‍മാര്‍ ഇക്കുറി വോട്ട് രേഖപ്പെടുത്തുകയെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂര്‍ സ്‌കൂളില്‍ എത്തിയാണ് ബിജെപി അധ്യക്ഷന്‍ വോട്ട് രേഖപ്പെടുത്തിയത്. 
കൂടുതല്‍വാര്‍ത്തകള്‍.