CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 47 Minutes 1 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഇനി ചുംബിക്കാം, ആലിംഗനം ചെയ്യാം, രാത്രികാല താമസങ്ങള്‍ക്കും ബോറിസിന്റെ പച്ചക്കൊടി! മെയ് 17 മുതല്‍ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍; ജൂണ്‍ 21ന് ബ്രിട്ടന്റെ കൊവിഡ് 'പരീക്ഷണ കാലം' അവസാനിക്കുമെന്ന് പ്രധാനമന്ത്രി; സാമൂഹിക അകലം പോലും പാലിക്കേണ്ട?

അപരിചിതര്‍ തമ്മിലുള്ള സാമൂഹിക അകലം തുടരണമെന്നാണ് നിര്‍ദ്ദേശം

അടുത്ത മാസത്തോടെ ബ്രിട്ടനില്‍ സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകള്‍ അവസാനിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മാസങ്ങളായി കുടുംബങ്ങളെയും, സുഹൃത്തുക്കളെയും അകറ്റിനിര്‍ത്തിയ വിലക്കുകള്‍ക്ക് മെയ് 17 മുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ബ്രിട്ടന്റെ കൊവിഡ് 'പരീക്ഷണകാലത്തിനും' അന്ത്യമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ലോക്ക്ഡൗണ്‍ ഇളവുകള്‍ വേഗത്തില്‍ അനുവദിക്കണമെന്ന ആവശ്യം ബോറിസ് തള്ളി. കേസുകള്‍ വര്‍ദ്ധിക്കുന്നതിന് എതിരെയും, വേരിയന്റുകളില്‍ നിന്നുള്ള ഭീഷണിയും കാണാതെ പോകരുതെന്നും പ്രധാനമന്ത്രി ഉപദേശിച്ചു. തിങ്കളാഴ്ച മുതല്‍ ആറ് പേര്‍ക്കോ, രണ്ട് കുടുംബങ്ങള്‍ക്കോ ഇന്‍ഡോറില്‍ കണ്ടുമുട്ടാം. ഇതിന് പുറമെ രാത്രികാല താമസങ്ങളും അനുവദിക്കും. ഔട്ട്‌ഡോറില്‍ ആളുകളുടെ പരിധി 30-ലേക്ക് ഉയര്‍ത്തി. ഫ്യൂണറലുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ നിശ്ചയിച്ച പരിധിയും നീക്കിയിട്ടുണ്ട്. വിവാഹങ്ങളില്‍ 30 പേര്‍ക്കാണ് അനുമതി. 

കെയര്‍ ഹോം അന്തേവാസികള്‍ക്ക് അഞ്ച് സന്ദര്‍ശകരെ അനുവദിക്കും. കൂടാതെ ഐസൊലേഷന്‍ ആവശ്യമില്ലാതെ ഹോം വിട്ട് പുറത്ത് പോകാനും അന്തേവാസികള്‍ക്ക് സാധിക്കും. വിലക്കുകള്‍ മൂലം നിലനിന്ന കാഷ്വല്‍ സെക്‌സ് വിലക്കും തിങ്കളാഴ്ച മുതല്‍ നീങ്ങും. ഡിസംബര്‍ മുതല്‍ ഇന്‍ഡോര്‍ സോഷ്യലൈസിംഗ് വിലക്ക് നിലവില്‍ വന്നതോടെ ഒറ്റയ്ക്ക് കഴിയുന്ന ജനങ്ങള്‍ക്ക് രാത്രികാല താമസങ്ങള്‍ അസാധ്യമായിരുന്നു. 

ചുംബിക്കാനും, ആലിംഗനം ചെയ്യാനും അനുമതി നല്‍കുന്നതിന്റെ ഭാഗമായാണ് പരസ്പരം അറിയാവുന്നവര്‍ തമ്മിലുള്ള സാമൂഹിക അകല നിയമങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുന്നത്. അതേസമയം അപരിചിതര്‍ തമ്മിലുള്ള സാമൂഹിക അകലം തുടരണമെന്നാണ് നിര്‍ദ്ദേശം. ജാഗ്രതയോടെ, സാമാന്യ ബുദ്ധിയോടെ പുതിയ സ്വാതന്ത്ര്യം ഉപയോഗിക്കാനും ബോറിസ് ഉപദേശിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.