CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 12 Seconds Ago
Breaking Now

ബ്രിട്ടന്‍ വീണ്ടുമൊരു കൊവിഡ് വ്യാപനം നേരിടും! മുന്നറിയിപ്പുമായി സേജ്; ജനുവരിയിലെ പ്രതിസന്ധി പോലെ മോശമാകില്ല; വാക്‌സിന്‍ വിജയവും, ചുടേറിയ കാലാവസ്ഥയും പിന്തുണ; ലണ്ടനിലെ പകുതി കേസുകളും 'ഇന്ത്യന്‍ വേരിയന്റ്' മൂലം; കെന്റ് സ്‌ട്രെയിനെ മറികടക്കുന്ന വേഗതയും!

നിലവിലെ തെളിവുകള്‍ പ്രകാരം വാക്‌സിനുകളെ മറികടക്കാന്‍ വേരിയന്റുകള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് കരുതുന്നത്

പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിനൊപ്പം ചേര്‍ത്ത് ഒരു മുന്നറിയിപ്പ് കൂടി പുറത്തുവിട്ട് ബ്രിട്ടന്റെ സേജ്. തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ഇളവ് വരുന്നതോടെ മറ്റൊരു കൊവിഡ് വ്യാപനത്തിനാണ് വഴിതെളിയുന്നതെന്ന് സേജ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. എന്നിരുന്നാലും 2020 ശൈത്യകാലത്തെയും, ഈ വര്‍ഷം ജനുവരിയിലെയും വ്യാപനത്തിന് തുല്യമായ തോതില്‍ പുതിയ വ്യാപനം ഭീഷണി ഉയര്‍ത്തില്ല. 

മെയ് 17ന് വിലക്കുകളില്‍ ഇളവ് അനുവദിക്കുന്നതില്‍ മുന്‍പൊരിക്കലും പ്രകടിപ്പിക്കാത്ത ആത്മവിശ്വാസമാണ് ശാസ്ത്രജ്ഞര്‍ക്കുള്ളത്. വാക്‌സിനേഷന്‍ പദ്ധതിയുടെ വിജയവും, ചൂടേറിയ കാലാവസ്ഥയും ചേര്‍ന്നാണ് കൊവിഡിനെ പിന്നോട്ട് നയിക്കുന്നത്. ബ്രിട്ടന്റെ ഒന്ന്, രണ്ട് കൊവിഡ് വ്യാപനങ്ങളെക്കാള്‍ ഏറെ കുറഞ്ഞ ആശുപത്രി പ്രവേശനവും, മരണങ്ങളുമാണ് ഇക്കുറി രേഖപ്പെടുത്തുക. ഏറ്റവും മോശം അവസ്ഥ വന്നാല്‍ പോലും ജനുവരിയിലെ പകുതി രോഗികള്‍ മാത്രമാണ് ആശുപത്രി പിടിക്കുക. 

ബ്രിട്ടനിലെ ശക്തമായ കെന്റ് വേരിയന്റിനെ മറികടക്കുന്ന നിലയില്‍ വ്യാപനശേഷി അധികമായി കാണുന്നത് ഇന്ത്യന്‍ വേരിയന്റിലാണെന്ന് പ്രൊഫ ക്രിസ് വിറ്റി വ്യക്തമാക്കി. ലണ്ടനിലെ 40 ശതമാനം മുതല്‍ 50 ശതമാനം വരെ കേസുകളും ബി.1.617.2 മൂലമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വിശദമാക്കി. രോഗത്തെ കൂടുതല്‍ മോശമാക്കുകയോ, വാക്‌സിനുകളുടെ ഫലം കുറയ്ക്കുകയോ ചെയ്യാന്‍ ഇത് കാരണമാകുന്നുവെന്ന് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 'എല്ലാ വേരിയന്റുകളും എപ്പോള്‍ ദുരന്തം സൃഷ്ടിക്കുമെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ വേരിയന്റ് സൃഷ്ടിച്ച അവസ്ഥ ഇതാണ്', ക്രിസ് വിറ്റി വ്യക്തമാക്കി. 

നിലവിലെ തെളിവുകള്‍ പ്രകാരം വാക്‌സിനുകളെ മറികടക്കാന്‍ വേരിയന്റുകള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. അതുവരെ ജാഗ്രത പാലിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് വേരിയന്റുകളുമായി ബന്ധപ്പെട്ട കേസുകള്‍ താഴുമ്പോഴാണ് ഇന്ത്യന്‍ വേരിയന്റ് കേസുകള്‍ ഓരോ ആഴ്ചയും ഇരട്ടിയാകുന്നതെന്ന് ലണ്ടന്‍ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റി എപ്പിഡെമോളജിസ്റ്റ് ഡോ. ദീപ്തി ഗുര്‍ദാസനി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.