CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 8 Seconds Ago
Breaking Now

ജന്മനാടിന് ഒരു കൈത്താങ്ങ് മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ സംഘടിപ്പിച്ച കഹൂട്ട് ക്വിസ് മത്സരം നവ്യാനുഭവമായി..വിജയികള്‍ സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായി..

കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോകുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വന സ്പര്‍ശമേകുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നല്‍കുന്നതിനു വേണ്ടി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട്  വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ നൂതന ശൈലിയില്‍ നടത്തിയ കഹൂട്ട് ക്വിസ് മത്സരം പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും നവ്യാനുഭവമായിമാറി.

കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമൂള്ള വിജ്ഞാനപ്രദമായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നടത്തിയ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നാം സമ്മാനം ബിജു ഗോപിനാഥും രണ്ടാം സമ്മാനം ആനി അലോഷ്യസും  ടോണി അലോഷ്യസും മൂന്നാം സമ്മാനം സോജന്‍ വാസുദേവനും കരസ്ഥമാക്കി. വിജയികളാ യവര്‍ അവര്‍ക്ക് ലഭിച്ച സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ഏവര്‍ക്കും മാതൃകയായി.

അതിവേഗം ശരി ഉത്തരം നല്‍കുന്ന വിജയികള്‍ക്ക് ഒന്നാം സമ്മാനമായി £100  , രണ്ടാം സമ്മാനം £75 , മൂന്നാം സമ്മാനം £50 എന്നീ ക്രമത്തിലായിരുന്നു സമ്മാനങ്ങള്‍ നല്‍കുവാന്‍ സംഘാടക സമിതി തീരുമാനിച്ചത്. കര്‍മ്മ കലാകേന്ദ്ര, ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.

കഹൂട്ട്  ക്വിസ് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് നിര്‍വ്വഹിച്ചു. വിപരീത പ്രശ്‌നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ  പ്രോഗ്രാമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനുമായ ഗ്രാന്റ് മാസ്റ്റര്‍ ജി എസ്  പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി. എ. ജോസഫ് അധ്യക്ഷത വഹിച്ചു. യുകെ സൗത്ത് ഈസ്‌ററ് റീജിയണല്‍  കോര്‍ഡിനേറ്റര്‍ ബേസില്‍ ജോണ്‍ ആശംസയര്‍പ്പിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യന്‍ സ്വാഗതവും കഹൂട്ട് ക്വിസ് മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍ ആഷിക്ക് മുഹമ്മദ് നാസര്‍ നന്ദിയും പറഞ്ഞു.

ഒന്നാം സമ്മാന ജേതാവായ യുകെയിലെ ന്യൂകാസിലില്‍ താമസിക്കുന്ന ബിജു ഗോപിനാഥ്  ന്യൂകാസിലില്‍ പ്രവര്‍ത്തിക്കുന്ന സമീക്ഷ മലയാളം സ്‌കൂളിന്റെ മുഖ്യസംഘാടകരില്‍ ഒരാളാണ് . രണ്ടാം സമ്മാനം ലഭിച്ച  ലണ്ടനിലെ ലൂട്ടനില്‍ താമസിക്കുന്ന സഹോദരങ്ങളായ ആനി അലോഷ്യസും & ടോണി അലോഷ്യസും ആയില്‍സ്ബറി ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയില്‍ യഥാക്രമം കലാതിലകവും കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവര്‍ മാതൃഭാഷയായ മലയാളവും പഠിക്കുന്നുണ്ട് . മുതിര്‍ന്നവരോടൊപ്പം മത്സരിച്ച് രണ്ടാം സമ്മാനം കരസ്ഥമാക്കിയ ഈ കുട്ടികള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്കും  ഒരു പ്രചോദനമായി മാറി. മൂന്നാം സമ്മാനം കരസ്ഥമാക്കിയ സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീനില്‍ താമസിക്കുന്ന സോജന്‍ വാസുദേവന്‍ അബര്‍ഡീനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'ശ്രുതി' യുടെ സജീവ പ്രവര്‍ത്തകനുമാണ്.

മത്സരത്തില്‍ പങ്കെടുത്തവര്‍ നല്‍കിയ രജിസ്‌ട്രേഷന്‍ ഫീസും സമ്മാനം ലഭിച്ചവര്‍ നല്‍കിയ തുകയും ചേര്‍ത്ത്  1,00,970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കുവാന്‍ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന് കഴിഞ്ഞു.

ജന്‍മനാടിനെ മാറോട് ചേര്‍ത്ത് കോവിഡ് ദുരിതത്തില്‍ വിഷമിക്കുന്ന  നമ്മുടെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ  വെളിച്ചം പകര്‍ന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തിയ  ഈ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോര്‍ഡിനേറ്റര്‍ ആഷിക് മുഹമ്മദ് നാസര്‍ എന്നിവര്‍ നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം വിജയികളെ അഭിനന്ദനവും അറിയിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.