ലേബര്‍ ഗവണ്‍മെന്റിന്റെ അനധികൃത കുടിയേറ്റത്തിന് എതിരായ പോരാട്ടം എവിടെയും എത്താതെ വന്നതോടെയാണ് പുതിയ ഹോം സെക്രട്ടറിയായി ഷബാനാ മഹ്മൂദിനെ നിയോഗിക്കാന്‍ സ്റ്റാര്‍മര്‍ നിര്‍ബന്ധിതനായത്. ലേബര്‍ അധികാരത്തിലെത്തിയതോടെ റെക്കോര്‍ഡ് തോതിലാണ് ചാനല്‍ കുടിയേറ്റം അരങ്ങേറുന്നത്. ഇത് തടയാതിരുന്നാല്‍ റിഫോം യുകെ പടര്‍ന്ന് പന്തലിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ലേബര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ പുതിയ ഹോം സെക്രട്ടറി ഷബാനാ മഹ്മൂദിന്റെ പദ്ധതികള്‍ക്ക് ചെറുബോട്ട് പ്രതിസന്ധി തടയാനുള്ള മൂര്‍ച്ചയില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. കുടിയേറ്റക്കാരെ തിരികെ എടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് വെട്ടിക്കുറയ്ക്കുമെന്നാണ് ഹോം സെക്രട്ടറിയുടെ പ്രഖ്യാപനം.
ഈ വിഷയത്തില്‍ പങ്കാളി രാജ്യങ്ങളായ '5 ഐസ് ഇന്റലിജന്‍സ് ഷെയറിംഗ് അലയന്‍സില്‍' കരാറില്‍ എത്തിയെന്ന് ഇവര്‍ വ്യക്തമാക്കി. പങ്കാളിത്ത രാജ്യങ്ങളില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത വിദേശ പൗരന്‍മാരെ തിരികെ അയയ്ക്കുന്നതിന് ഇതുവഴി ഊര്‍ജ്ജമേകാമെന്നാണ് പ്രതീക്ഷ. എന്നാല്‍ വിസാ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍ മാത്രമാണ് നടപ്പാക്കുകയെന്ന് പിന്നീട് വ്യക്തമായതോടെയാണ് പദ്ധതി എങ്ങുമെത്തില്ലെന്ന ആശങ്ക വ്യാപിക്കുന്നത്.
കരാറില്‍ ഒപ്പുവെച്ച യുഎസും, മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളും വിസാ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ ഈ നടപടികള്‍ ഫലത്തില്‍ പ്രാവര്‍ത്തികമാകില്ലെന്നാണ് ആരോപണം. ജോലിക്ക് കയറി ആദ്യ ആഴ്ചയില്‍ തന്നെ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് മഹ്മൂദ് ചെയ്യുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു.