ബ്രിട്ടന്റെ ഇമിഗ്രേഷന്‍ നടപടികള്‍ കര്‍ശനമാക്കുമെന്നാണ് റിഫോം യുകെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെയ്ക്കുന്ന വാഗ്ദാനം. അതും യാതൊരു പഴുതും, ദയവുമില്ലാത്ത നടപടികളാകുമെന്നും നിഗല്‍ ഫരാഗ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നു. താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ വനിതാ അഭയാര്‍ത്ഥി അപേക്ഷകരെ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് പോലും നാടുകടത്തുമെന്നാണ് ഫരാഗ് സ്ഥിരീകരിക്കുന്നത്.
പാശ്ചാത്യ സേനകള്‍ പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തിരികെ എത്തിയിരുന്നു. നേരത്തെ ഇവിടേക്ക് സ്ത്രീകളെ അയയ്ക്കുന്ന കാര്യത്തില്‍ റിഫോം നേതാവ് നിലപാട് വ്യക്തമാക്കിയിരുന്നില്ല, ഇതിന് ശേഷമാണ് ഇപ്പോള്‍ താന്‍ ഇതിന് തയ്യാറാണെന്ന് ഫരാഗ് വ്യക്തമാക്കുന്നത്.
അതേസമയം ചെറിയ കുട്ടികളുടെ കാര്യത്തില്‍ ചിന്തിക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ചാനല്‍ ക്രോസിംഗ് ബോട്ടുകള്‍ തടയുമെന്നാണ് നേരത്തെ ഫരാഗ് അവകാശപ്പെട്ടത്. ഇത് നടപ്പിലാക്കാന്‍ ആദ്യം നിയമനിര്‍മ്മാണം വേണ്ടിവരുമെന്ന് അദ്ദേഹം ഇപ്പോള്‍ സമ്മതിക്കുന്നു.
2029 വരെ ലേബര്‍ ഗവണ്‍മെന്റിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ട കാര്യമില്ല. എന്നാല്‍ ആഭ്യന്തര പ്രശ്‌നത്തില്‍ പെടുന്ന ലേബര്‍ 2027 തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഫരാഗ് പ്രവചിക്കുന്നത്.