ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനെന്ന് വാദിച്ച് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിന് ശേഷം ദുരവസ്ഥയില്‍ നിന്നും നടുനിവര്‍ത്തി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് രാജ്യം. സകല മേഖലകളിലും നഷ്ടങ്ങളും, ദുരിതവും, ഒപ്പം വര്‍ദ്ധിച്ച വിലക്കയറ്റവും ചേര്‍ന്ന് നാട്ടുകാരെ ഞെരുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ അടുത്ത ബജറ്റിനെ രാജ്യം ആശങ്കയോടെ നോക്കിക്കാണുന്നത്.
രാജ്യത്തെ തൊഴിലുകള്‍ നഷ്ടമാക്കുന്ന വിധത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകരുതെന്നാണ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ റേച്ചല്‍ റീവ്‌സിനോട് അഭ്യര്‍ത്ഥിക്കുന്നത്. മഹാമാരിക്ക് ശേഷം ജനങ്ങള്‍ ജോലിക്കായി അന്വേഷിക്കുന്നത് വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബജറ്റില്‍ പാരവെയ്ക്കരുതെന്ന ആവശ്യം ഉയരുന്നത്.
നവംബറില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. എംപ്ലോയേഴ്‌സിന് മേലുള്ള സമ്മര്‍ദം കുറച്ച് ജോലിക്ക് ആളുകളെ എടുക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനാണ് റിക്രൂട്ട്‌മെന്റ് വിദഗ്ധര്‍ ചാന്‍സലറോട് ആവശ്യപ്പെടുന്നത്. അതേസമയം ലേബറിന്റെ ബജറ്റ് പദ്ധതികളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മൂലം തൊഴില്‍ സാധ്യതകള്‍ അടുത്ത കാലത്തൊന്നും മെച്ചപ്പെടാന്‍ സാധ്യതയില്ലെന്ന് മുന്‍നിര അക്കൗണ്ടിംഗ് ഗ്രൂപ്പായ കെപിഎംജി പറഞ്ഞു.
ഉയര്‍ന്ന നികുതികളും, കൂടുതല്‍ കടമെടുപ്പും വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇതിനിടയില്‍ ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച മോശമാകുകയും, തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും, പണപ്പെരുപ്പം ഉയരുകയും ചെയ്യുന്നതും ചേര്‍ന്നുള്ള ആഘാതവും നേരിടുന്നുണ്ട്. 2021ന് ശേഷം കാണാത്ത വിധത്തിലാണ് രാജ്യത്ത് തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പും നിലവിലുണ്ട്.