ഹോം സെക്രട്ടറി പദത്തിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ ദിവസം ആയിരത്തിലേറെ ചാനല്‍ കുടിയേറ്റക്കാര്‍ ബ്രിട്ടനിലെത്തിയ വാര്‍ത്ത പുറത്തുവന്നത് ഷബാന മഹ്മൂദിന് തന്റെ മുന്നിലുള്ള ദൗത്യത്തിന്റെ വലുപ്പം വ്യക്തമാകാന്‍ പര്യാപ്തമാണ്. ബോട്ടുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് മഹ്മൂദിനെ പ്രധാനമന്ത്രി ഈ സ്ഥാനം വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്.
ജോലിയിലെ ആദ്യ ദിനം 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ അനികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് പ്രവേശിച്ച രണ്ടാമത്തെ വലിയ കണക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. 1097 ചെറുബോട്ട് കുടിയേറ്റക്കാര്‍ കൂടി എത്തിയതോടെ ഈ വര്‍ഷത്തെ ആകെ കണക്ക് 30,000 കടന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 37 ശതമാനം അധികമാണിത്.
ഈ കണക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പുതിയ ഹോം സെക്രട്ടറി അനധികൃത കുടിയേറ്റക്കാരെ സൈനിക ബാരക്കുകളിലേക്ക് നീക്കാന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭയാര്‍ത്ഥി അപേക്ഷകുടെ അപേക്ഷകള്‍ തള്ളുന്നതും, നാടുകടത്തുന്നതും എളുപ്പമാക്കാന്‍ മനുഷ്യാവകാശ നിയമങ്ങളില്‍ മാറ്റം വരുത്താനും ഇവര്‍ ആലോചിക്കുന്നു.
അനധികൃത കുടിയേറ്റക്കാരെ ഫ്രാന്‍സിലേക്ക് മടക്കി അയയ്ക്കാനുള്ള കരാര്‍ ഉടന്‍ ആരംഭിക്കുമെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കി. സമാനമായ കരാര്‍ ജര്‍മ്മനിയുമായും നേടാന്‍ മന്ത്രിമാര്‍ തയ്യാറെടുക്കുകയാണ്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. തന്റെ മുന്‍ഗാമിയായ വെറ്റ് കൂപ്പറിനേക്കാള്‍ കടുപ്പത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യാനാണ് മഹ്മൂദ് തയ്യാറാകുകയെന്ന് ലേബര്‍ ശ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ ലേബറിന് അതിര്‍ത്തി നിയന്ത്രണം നഷ്ടമായെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാണിക്കുന്നു.