ആഞ്ചെല റെയ്‌നര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ലേബര്‍ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. പാര്‍ട്ടിയിലെ ഇടത് വിഭാഗമാണ് നിയന്ത്രണം പിടിച്ചെടുക്കാന്‍ അവസരം ഉപയോഗിക്കുന്നത്. ഇതോടെ മന്ത്രിസഭ പുനഃസംഘടനയിലൂടെ കാര്യങ്ങള്‍ ശാന്തമാക്കാമെന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രതീക്ഷ അസ്ഥാനത്തായി. എന്നുമാത്രമല്ല തന്റെ നേതൃത്വം പോരെന്ന വിമര്‍ശനവും അദ്ദേഹം നേരിടുകയാണ്.
റെയ്‌നര്‍ രാജിവെച്ചതോടെ ഒഴിവുവന്ന ലേബറിന്റെ ഡെപ്യൂട്ടി നേതൃപദവി ലക്ഷ്യമിട്ടാണ് സ്ഥാനമോഹികളുടെ പോരാട്ടം. സീനിയര്‍ ലേബര്‍ എംപി എമിലി തോണ്‍ബെറി ഉള്‍പ്പെടെ ഇതിനായി രംഗത്തുണ്ട്. പ്രധാനമന്ത്രിയുെട ആദ്യ വര്‍ഷത്തെ ഭരണത്തില്‍ കാര്യങ്ങള്‍ സുഗമമല്ലെന്നും, കീര്‍ സ്റ്റാര്‍മര്‍ വരുത്തിവെച്ച തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും, പാര്‍ട്ടി നേതൃത്വം തങ്ങളെ കേള്‍ക്കുന്നില്ലെന്നും വരെ എമിലി വിമര്‍ശനങ്ങളില്‍ പറയുന്നു.
ഉപപ്രധാനമന്ത്രി, ഹൗസിംഗ് സെക്രട്ടറി സ്ഥാനങ്ങള്‍ രാജിവെച്ച റെയ്‌നര്‍ വെള്ളിയാഴ്ച ലേബറിന്റെ ഡെപ്യൂട്ടി നേതൃപദവിയും ഒഴിഞ്ഞിരുന്നു. പുതിയ ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ ആവശ്യത്തിന് നികുതി അടച്ചില്ലെന്ന് കുറ്റസമ്മതം നടത്തിയതോടെയായിരുന്നു രാജിക്ക് നിര്‍ബന്ധിതമായത്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ യത്‌നിക്കുന്നതിന് ഇടയില്‍ ലേബര്‍ ഡെപ്യൂട്ടി നേതൃപോരാട്ടവും അരങ്ങേറാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ചാനല്‍ കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ലേബര്‍ പരാജയപ്പെടുന്നതിന്റെ ബലത്തില്‍ കുതിച്ചുയരുന്ന റിഫോം യുകെയുടെ ജനപ്രീതിയാണ് സ്റ്റാര്‍മറുടെ മറ്റൊരു വെല്ലുവിളി. അഭയാര്‍ത്ഥി അപേക്ഷകരെ ഹോട്ടലുകളില്‍ നിന്നും മുന്‍ സൈനിക ബാരക്കുകളിലേക്ക് നീക്കം ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമാകുമെന്ന് ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി വ്യക്തമാക്കിയിട്ടുണ്ട്.