മാഞ്ചസ്റ്റര്‍: യുകെയിലെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുന്നാള്‍ആഘോഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ തുടക്കം.
പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിച്ചതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുനടക്കുന്ന തിരുന്നാള്‍ ആഘോഷങ്ങളില്‍ ഇന്നലെയും ഒട്ടേറെ വിശ്വാസികള്‍ പങ്കാളികളായി.വൈകുന്നേരം കൃത്യം നാലിന് തന്നെ ഗില്‍ഡ് റൂമില്‍ നിന്നും പ്രസുദേന്തിമാരും വൈദീകരും പ്രദക്ഷിണമായി എത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ ഏവരെയും തിരുന്നാള്‍ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു.പ്രാര്‍ത്ഥനാ ശുശ്രൂഷകളെ തുടര്‍ന്ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിച്ചു.ഇതേ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും,ദിവ്യബലിയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടന്നു.ഫാ. മൈക്കിള്‍ ഗാനന്‍ ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികന്‍ ആയപ്പോള്‍,സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.നിക്ക് കെണ്‍,മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.
തിരുന്നാളിന് ഒരുക്കമായി ശനിയാഴ്ച ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ചെയിന്‍ പ്രയറുകളും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ S.H നേതൃത്വം നല്‍കിയ ആത്മീയ ഒരുക്ക പ്രഭാഷണവും ഏറെ ഭക്തി നിര്‍ഭരമായി നടന്നു.മാഞ്ചസ്റ്റര്‍ മിഷനിലെ ഒട്ടേറെ കുടുംബങ്ങള്‍ സൂമിലൂടെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കാളികളായി.
ഇന്ന് വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും, നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും.
29 തിയതി ചൊവ്വാഴ്ച വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റര്‍ സിറോ മലങ്കര ചാപ്ലിന്‍ ഫാ.രഞ്ജിത് മഠത്തിറമ്പില്‍ കാര്‍മ്മികത്വം വഹിക്കും.
30 തിയതി ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും.
ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തിഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.
ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍ ആകുമ്പോള്‍, ഒട്ടേറെ വൈദീകര്‍ സഹ കാര്‍മ്മികരാകും.ദിവ്യബലി മദ്ധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോള്‍ അത് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറവേകും .ഇതേതുടര്‍ന്ന് മറ്റു തിരുന്നാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.
കോവിഡ് പ്രോട്ടോകോള്‍ നിലനിക്കുന്നതിനാല്‍ ഇക്കുറി തിരുന്നാള്‍ പ്രദക്ഷിണവും, മറ്റു കലാപരിപാടികളും ഒഴിവാക്കിയിരിക്കുകയാണ്.
സാമൂഹിക അകലം പൂര്‍ണമായും പാലിക്കുന്നതിനാല്‍ മുഴുവന്‍ ആളുകളെയും പള്ളിയില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതിനാല്‍ മാഞ്ചസ്റ്റര്‍ മിഷന്റെ ഫേസ്ബുക്ക് പേജിലൂടെയും,സെന്റ് ആന്റണീസ് പള്ളിയുടെ വെബ്‌സയിറ്റിലൂടെയും വിശ്വാസികള്‍ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാവണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.
ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്‌സ് ഗിവിങ് മാസ്സില്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാവും.ഇതേത്തുര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോസായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ആണ് നടന്നു വരുന്നത്. തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍,കൈക്കാരന്മാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ് , ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങ്ള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു.അന്നുമുതല്‍ എല്ലാ വര്‍ഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ ആണ് മാഞ്ചസ്റ്റര്‍ ദുക്രാനത്തിരുന്നാല്‍ അത്യാഘോഷപൂര്‍വം കൊണ്ടാടി വരുന്നത്.