യുകെയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഈ വര്‍ഷം എത്തുമെന്ന് റിപ്പോര്‍ട്ട്. രാജ്യം ഹെര്‍ഡ് ഇമ്മ്യൂണിറ്റി നേടണമെങ്കില്‍ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.
രോഗസാധ്യതയുള്ള 12 മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ക്കും. 18-ാം പിറന്നാളിന് മൂന്ന് മാസം അകലെയുള്ള 17 വയസ്സുകാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ ഈ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുമെങ്കിലും എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് തല്‍ക്കാലം ആവശ്യപ്പെടില്ലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം പൂര്‍ത്തിയാകാനുള്ള ട്രയല്‍സ് അവസാനിപ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന ജെസിവിഐ നിലപാട്. എന്നാല്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ ബ്രിട്ടന് ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കൗമാരക്കാരിലാണ് കാണുകയെന്ന് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കി.
യുകെയില്‍ 12 മുതല്‍ 15 വരെയുള്ളവര്‍ക്കായി ഫിസര്‍ വാക്‌സിന് എംഎച്ച്ആര്‍എ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കുട്ടികളിലെ ആഘാതം സംബന്ധിച്ച് കൂടുതല്‍ ഡാറ്റയ്ക്കായി കാത്തിരിക്കുകയാണ്. ചെറുപ്പത്തില്‍ വാക്‌സിന്‍ നല്‍കുന്നത് കുട്ടികളില്‍ സ്വാഭാവിക പ്രതിരോധശേഷി ഉയരുന്നത് അപകടത്തിലാക്കുമെന്ന് ചില ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.