CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 4 Seconds Ago
Breaking Now

യുകെയുടെ വാക്‌സിന്‍ വിവേചനം, ഇന്ത്യ കണ്ടില്ലെന്ന് നടിക്കില്ല! പുതിയ യാത്രാ നിയമങ്ങളില്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ഇളവില്ലെന്നത് വിവേചനം; തിരിച്ചടി ഉണ്ടാകുമെന്ന് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ; വ്യാപാര കരാര്‍ ഒപ്പിച്ചെടുക്കുമ്പോള്‍ ഒരേ വാക്‌സിന് രണ്ട് നയം 'ഒരു മാതിരി' പരിപാടി തന്നെയല്ലേ? മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നാട്ടിലേക്കുള്ള യാത്ര ആശങ്കയില്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയം യുകെ അധികൃതരുടെ മുന്നിലെത്തിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷി ഷ്രിംഗ്ല

പശു നമുക്ക് പാല്‍ തരുന്നു. അത് യുകെയിലെ പശു ആയാലും, ഇന്ത്യയിലെ പശു ആയാലും, പാല്‍ ശുദ്ധമായ പാല്‍ തന്നെ! അല്ലാതെ യുകെയിലെ പശു നല്‍കുന്ന പാലില്‍ ഏതെങ്കിലും വൈറ്റമിന്‍ കൂടുതലോ, ഇന്ത്യയിലെ പശുവിന്റെ പാലില്‍ ഇത് കുറവോ ഉണ്ടാകാന്‍ ഇടയില്ല! ഇതേ അവസ്ഥയാണ് കൊറോണാവൈറസിന് എതിരായ വാക്‌സിന്റെ കാര്യത്തിലുമുള്ളത്. യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിക്കുന്ന കൊവിഡ്-19 വാക്‌സിന്‍ ആ രാജ്യത്ത് ആസ്ട്രാസെനെക എന്ന മരുന്നു കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു. ഇതേ സാധനം ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുകയും, കോവിഷീല്‍ഡ് എന്ന പേരില്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. 

ഈ ഘട്ടത്തിലാണ് നമ്മള്‍ നേരത്തെ പറഞ്ഞ പശുവിന്റെയും, പാലിന്റെയും കാര്യം പരിശോധിക്കേണ്ടത്. യുകെയില്‍ ആസ്ട്രാസെനെകയും, ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും നിര്‍മ്മിക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച വാക്‌സിന്‍ തന്നെ. അപ്പോള്‍ അതിന്റെ ഫലവും ഒരു പോലെ തന്നെ ആയിരിക്കണമല്ലോ! ഡെല്‍റ്റ വേരിയന്റ് യുകെയില്‍ എത്തുന്നതിനും മുന്‍പ് ആഞ്ഞടിച്ച ഇന്ത്യയില്‍ വാക്‌സിന്‍ മുന്നേറ്റം ലോകത്തിലെ മറ്റൊരു രാജ്യത്തിനും എത്തിച്ചേരാന്‍ സാധിക്കാത്ത തരത്തിലാണ്. കോടിക്കണക്കിന് ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന ഹിമാലയന്‍ ദൗത്യത്തിന്റെ കൂടി ശ്രമഫലമായാണ് രാജ്യം വൈറസിന്റെ പിടിയില്‍ നിന്നും മോചിതമാകുന്നത്. 

അത് യുകെ കണ്ടില്ലെന്ന് നടിച്ചാല്‍, അതിനര്‍ത്ഥം അവരുടെ സ്വന്തം ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച വാക്‌സിനില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ലെന്ന അവസ്ഥയാകും. ഇന്ത്യയിലെ കോവിഷീല്‍ഡിനെ അംഗീകരിക്കാത്ത യുകെയുടെ നടപടി വിവേചനപരമായ നയമാണെന്ന് ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നതും ഈ ഘട്ടത്തിലാണ്. പുതിയ യാത്രാ നിയമങ്ങളില്‍ ഇന്ത്യയുടെ ആശങ്ക പരിഗണിച്ചില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയം യുകെ അധികൃതരുടെ മുന്നിലെത്തിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷി ഷ്രിംഗ്ല പറഞ്ഞു. ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവെയ്ക്കാന്‍ യുകെ മത്സരിക്കുമ്പോഴാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ബാധിക്കുന്ന പുതിയ നിയമങ്ങള്‍ വിവാദത്തിലാകുന്നത്. 

'കോവീഷീല്‍ഡ് യുകെ കമ്പനിയുടെ ലൈസന്‍സുള്ള ഉത്പന്നമാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഇവയുടെ അഞ്ച് മില്ല്യണ്‍ ഡോസ് യുകെ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന മാനിച്ച് യുകെയ്ക്ക് നല്‍കുകയും ചെയ്തതാണ്', ഷ്രിംഗ്ല ചൂണ്ടിക്കാണിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് രണ്ട് ഡോസ് സ്വീകരിച്ചവരെയും വാക്‌സിന്‍ എടുക്കാത്തവരായി കണക്കാക്കി, യുകെയില്‍ എത്തിയാല്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നാണ് യുകെയുടെ യാത്രാനിയമം പറയുന്നത്. 

പുതിയ ബ്രിട്ടീഷ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന ഒക്ടോബര്‍ 4നകം വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും സമാനമായ നടപടി നേരിടേണ്ടി വരുമെന്നതാണ് അവസ്ഥ. ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തൃപ്തികരമായ നിലപാട് ഉണ്ടായില്ലെങ്കില്‍ അതേ നാണയത്തില്‍ നീങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതോടെ ഇളവുകള്‍ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വംശജരുടെ യാത്രകളും കടുപ്പമാകും. 




കൂടുതല്‍വാര്‍ത്തകള്‍.