CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 32 Minutes 34 Seconds Ago
Breaking Now

ബ്രിട്ടനില്‍ പെട്രോളും, ഡീസലും റേഷന്‍ വ്യവസ്ഥയിലേക്ക് മാറും? ടാങ്ക് കാല്‍ഭാഗത്തില്‍ താഴെ പോകരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; ലോറി ഡ്രൈവര്‍മാരുടെ കുറവ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നു; സൈന്യത്തെ ഇറക്കണമെന്ന് മുറവിളി; വിന്റര്‍ കൂട്ടക്കുഴപ്പത്തിലേക്ക്?

റിഫൈനറികളില്‍ നിന്നും പെട്രോളും, ഡീസലും എത്തിക്കുന്നത് പ്രതിസന്ധിയിലായെന്ന് ബിപി സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു

വാഹനത്തിന്റെ പെട്രോള്‍ ടാങ്കില്‍ പരമാവധി ഇന്ധനം കുറഞ്ഞ തലത്തിലും ഉപയോഗിക്കുന്ന ശീലമുണ്ടോ? എങ്കില്‍ കുറച്ച് നാളുകള്‍ ആ ശീലം മാറ്റിവെയ്ക്കാം. ഇന്ധന ടാങ്കുകള്‍ തീര്‍ത്തും വറ്റിച്ച് വെയ്ക്കരുതെന്നാണ് ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എനര്‍ജി വിലകള്‍ കുതിച്ചുയരുന്നതിനൊപ്പം ഇന്ധന ലഭ്യത കുറഞ്ഞതോടെയാണ് പെട്രോള്‍, ഡീസല്‍ വില്‍പ്പന റേഷന്‍ അടിസ്ഥാനത്തിലേക്ക് മാറിയേക്കുമെന്ന് മുന്നറിയിപ്പ് വരുന്നത്. 

വിന്റര്‍ സീസണിലേക്ക് പോകുമ്പോള്‍ ഭക്ഷ്യക്ഷാമം എത്തിയേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇന്ധനവും റേഷനിംഗിലേക്ക് മാറുന്നത്. ഇന്ധന ലഭ്യത കുറഞ്ഞതോടെ ബിപി ഇന്ധനം റേഷന്‍ വ്യവസ്ഥയിലേക്ക് മാറ്റിയതിനൊപ്പം ചില സ്റ്റേഷനുകള്‍ അടയ്ക്കാനും നിര്‍ബന്ധിതമായി. ലോക്കല്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങളില്‍ കാല്‍ടാങ്ക് പെട്രോള്‍ സൂക്ഷിക്കാന്‍ പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ഇന്ധന ലഭ്യതയിലെ തടസ്സം നാലാഴ്ചയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് 300 റോണ്ടെക്-ബിപി, ടെക്‌സാകോ, ഫോര്‍കോര്‍ട്ടുകളുടെ ഉടമയായ ജെറാള്‍ഡ് റോന്‍സണ്‍ പറഞ്ഞു. ആളുകള്‍ ജോലിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ കൂടുതല്‍ കാറുകള്‍ റോഡിലിറങ്ങി, ബസുകളും, ട്രെയിനുകളും ഒഴിവാക്കുന്നതിനാല്‍ ഇന്ധനം കൂടുതലായി ചെലവാകുന്നു, ജെറാള്‍ഡ് ചൂണ്ടിക്കാണിച്ചു. യുകെയിലെ വിവിധ മേഖലകളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി നം. 10 സ്ഥിരീകരിച്ചു. തണുത്ത മാസങ്ങളിലേക്ക് കടക്കവെയാണ് ഈ അവസ്ഥ. 

ഇന്ധനം എത്തിക്കാന്‍ ആവശ്യത്തിന് ലോറി ഡ്രൈവര്‍മാരെ കിട്ടാതെ വരുന്നതിനാല്‍ സൈന്യത്തെ ഇറക്കി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതിയാണ് മന്ത്രിമാര്‍ തയ്യാറാക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സപ്ലൈ ശൃംഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മൂലം റിഫൈനറികളില്‍ നിന്നും പെട്രോളും, ഡീസലും എത്തിക്കുന്നത് പ്രതിസന്ധിയിലായെന്ന് ബിപി സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു. 

ഡോര്‍സെറ്റ്, ഐല്‍ ഓഫ് വൈറ്റ്, ഡിവോണ്‍ എന്നിവിടങ്ങളില്‍ ടെസ്‌കോ പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്ധനം തീരുകയോ, അടയ്ക്കുകയോ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നുവെന്നാണ് ടെസ്‌കോ വക്താവിന്റെ പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.