CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 28 Seconds Ago
Breaking Now

പെയ്തു തീരാത്ത അനുഗ്രഹ വര്‍ഷം; ഭക്തിയുടെ പാരമ്യത്തില്‍ എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന നാലാമത് 'എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം പ്രതികൂലകാലാവസ്ഥയിലും ആത്മീയ ആഘോഷമായി മാറി

എയ്ല്‍സ്‌ഫോര്‍ഡ്: അനുഗ്രഹം മഴയായ് പെയ്തിറങ്ങിയ ദിനം. കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ കര്‍മ്മഭൂമിയുമായിരുന്ന എയ്ല്‍സ്‌ഫോര്‍ഡിന്റെ പുണ്യഭൂമിയിലേക്ക് വിശ്വാസികള്‍ തീര്‍ത്ഥാടനമായി എത്തിയപ്പോള്‍ അനുഗ്രഹമാരി ചൊരിഞ്ഞ് പ്രകൃതിയും. ചന്നം പിന്നം ചാറ്റല്‍ മഴ എയ്ല്‍സ്‌ഫോര്‍ഡിന്റെ അന്തരീക്ഷമാകെ നിറഞ്ഞു നിന്നപ്പോഴും പ്രതികൂല കാലാവസ്ഥയിലും ദൈവിക അഭിഷേകം സ്വീകരിക്കാനെത്തിയവര്‍ അനിര്‍വചനീയ ആത്മീയ അനുഭവത്താല്‍ ധന്യരായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ശനിയാഴ്ച നടന്ന നാലാമത് 'എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനമാണ്' പ്രതികൂലകാലാവസ്ഥയിലും ആത്മീയ ആഘോഷമായി മാറിയത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വൈദികരും സമര്‍പ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.

മഴയൊഴിയാതിരുന്ന ദിനത്തില്‍ റെലിക് ചാപ്പല്‍, ക്വയര്‍ ചാപ്പല്‍, സെന്റ്. ജോസഫ് ചാപ്പല്‍, സെന്റ് ആന്‍ ചാപ്പല്‍ എന്നിവിടങ്ങളിലും വിശാലമായ ഓപ്പണ്‍ എയര്‍ പിയാസ്സയില്‍ കുട ചൂടിയും വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കു കൊണ്ടു. ഉച്ചക്ക് 12 മണിയോടുകൂടി സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍ പരിശുദ്ധ ജപമാലയോടുകൂടി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. കര്‍മ്മലമാതാവിനെ തോളില്‍ സംവഹിച്ചുകൊണ്ട് രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജപമാല പ്രാര്‍ത്ഥനയില്‍ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കു ചേര്‍ന്നു. തുടര്‍ന്ന് അഭിവന്ദ്യ പിതാവിനോടൊപ്പം മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ചേലക്കല്‍, മോണ്‍സിഞ്ഞോര്‍ ജിനോ അരീക്കാട്ട്, ഒപ്പം രൂപതയിലെ മറ്റു വൈദികരും ചേര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ലോകം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസം മുറുകെപ്പിടിക്കുവാനും പ്രതിസന്ധികളില്‍ കര്‍മ്മലമാതാവിന്റെ സംരക്ഷണം തേടുവാനും രൂപതാധ്യക്ഷന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കര്‍മ്മലമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി ഹ്രസ്വമായി നടത്തിയ തിരുനാള്‍ പ്രദിക്ഷണത്തില്‍ അഭിവന്ദ്യ പിതാവിനൊപ്പം വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്നു. സമാപനശീര്‍വാദത്തിനു ശേഷം നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുവാനും കഴുന്ന്, മുടി, അടിമ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടനത്തിനെത്തിയ മുഴുവന്‍ ആളുകള്‍ക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

ലണ്ടന്‍ റീജിയണിലെ വിവിധ മിഷനുകളുടെ സഹകരണത്തോടെ നടത്തിയ തീര്‍ത്ഥാടനത്തിന് ലണ്ടന്‍ റീജിയന്‍ ഡയറക്ടറും ചീഫ് കോഓര്‍ഡിനേറ്ററുമായ റവ. ഫാ. ടോമി എടാട്ട്, കോഓര്‍ഡിനേറ്റര്‍മാരായ ബിനു മാത്യു, ജിനു ജോസ്, ഒപ്പം റീജിയണല്‍ ഭാരവാഹികള്‍, മിഷന്‍ ട്രസ്റ്റിമാര്‍, കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ത്ഥാടനത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയിലെ ഫാ. ഫ്രാന്‍സിസ്, മറ്റു വൈദികര്‍, പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും വിശ്വാസ തീഷ്ണതയില്‍ തീര്‍ത്ഥാടനത്തിനെത്തിയവര്‍, തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങള്‍, എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫാ. ടോമി എടാട്ട് പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെയ് മാസം നടക്കേണ്ടിയിരുന്ന തീര്‍ത്ഥാടനമാണ് ശനിയാഴ്ച നടന്നത്. അടുത്ത വര്‍ഷത്തെ 'എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം' 2022 മെയ് 28 ശനിയാഴ്ച ആയിരിക്കും.

വാര്‍ത്ത നല്‍കിയത്:

 

ഫാ. ടോമി എടാട്ട്

പിആര്‍ഒ, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 

 
കൂടുതല്‍വാര്‍ത്തകള്‍.