CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 33 Seconds Ago
Breaking Now

ഇന്ത്യന്‍ യാത്രക്കാരുടെ ക്വാറന്റൈന്‍ ഒഴിവാക്കി യുകെ അയഞ്ഞു; ഇനി ഇന്ത്യയുടെ ഊഴം; കോവിഷീല്‍ഡ് നീക്കത്തോടെ യുകെ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഇന്ത്യാ-ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാര്‍ നേരിട്ട് സംസാരിച്ചു

മാറ്റങ്ങള്‍ ഒക്ടോബര്‍ 11ന് മുന്‍പ് തന്നെ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്

യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തി നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങളില്‍ ഇളവ് നല്‍കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് ഉപയോഗിച്ച് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ നിബന്ധനകള്‍ ഒഴിവാക്കി നല്‍കാന്‍ യുകെ ഗവണ്‍മെന്റ് തയ്യാറായ ഘട്ടത്തിലാണ് ഈ പ്രത്യുപകാരം!

യുകെയില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കുള്ള പുതിയ ഗൈഡ്‌ലൈനുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോവിഷീല്‍ഡ് ഉപയോഗിച്ച് ഡബിള്‍ വാക്‌സിനേഷന്‍ ചെയ്ത ഇന്ത്യക്കാരെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവരായി അംഗീകരിക്കാന്‍ യുകെ ഗവണ്‍മെന്റ് സമയമെടുത്തിരുന്നു. 

ഒക്ടോബര്‍ 4ന് പുറത്തിറക്കിയ യാത്രാ നിയമങ്ങളില്‍ കോവിഷീല്‍ഡിനെ അംഗീകരിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഒക്ടോബര്‍ 4ന് ശേഷം കോവിഷീല്‍ഡ് വാക്‌സിനേഷന്‍ നേടിയവര്‍ക്ക് യുകെയില്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമായി വന്നു.

ഇതോടെ ഇന്ത്യയിലെത്തുന്ന യുകെ യാത്രക്കാര്‍ക്കും ഇതേ നിബന്ധന ഇന്ത്യ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്ടോബര്‍ 11 മുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പ്രഖ്യാപിക്കുകയും ചെയ്തു. 

സമാനമായ നടപടികള്‍ ഒക്ടോബര്‍ 11ന് മുന്‍പ് തന്നെ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി വിഷയത്തില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രകള്‍ അനുവദിക്കാനും തീരുമാനമായെന്ന് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.