CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 54 Minutes 21 Seconds Ago
Breaking Now

എം.എം.സി.എയെ ആഷന്‍ പോള്‍ നയിക്കും; ജയന്‍ ജോണ്‍ സെക്രട്ടറി....ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു

യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓണാഘോഷം മാഞ്ചസ്റ്ററില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട്  ആഘോഷിച്ചു. രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ആഘോഷ പരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങളെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ. 

ഓണസദ്യയ്ക്ക് ശേഷം നടന്ന  സമ്മേളനം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. ബിജു പി.മാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റോയ് ജോര്‍ജ് സ്വാഗതമാശംസിച്ചു. മാവേലി മന്നനെ റിഥം ഓഫ് വാറിംഗ്ടണ്‍ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. യുക്മ ജനറല്‍ സെക്രട്ടറിഅലക്‌സ് വര്‍ഗീസ്, ടി.എം.എ പ്രസിഡന്റ് റെന്‍സണ്‍ സക്കറിയാസ്, മുന്‍ എം.എം.സി.എ പ്രസിഡന്റുമാരായ കെ.കെ.ഉതുപ്പ്, മനോജ് സെബാസ്റ്റ്യന്‍, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ലിജോ പുന്നൂസ് നന്ദിയര്‍പ്പിച്ചു.

പൊതുയോഗത്തെ തുടര്‍ന്ന് എം.എം.സി.എയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടനയുടെ ഭരണ സമിതിയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ശ്രീ. ആഷന്‍ പോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ജോണ്‍ സെക്രട്ടറിയായും പ്രദീപ് നായര്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. താഴെപ്പറയുന്നവരാണ് മറ്റ് ഭാരവാഹികള്‍  വൈസ് പ്രസിഡന്റ്  ജിസ്മി അനില്‍, ജോയിന്റ് സെക്രട്ടറി  സുമേഷ് രാജന്‍, കള്‍ച്ചറര്‍ കോര്‍ഡിനേറ്റര്‍മാരായി ഷൈജ സ്റ്റീഫന്‍, റിയ മേരി തുടങ്ങിയവരും കമ്മിറ്റിയംഗങ്ങളായി അലക്‌സ് വര്‍ഗ്ഗീസ്, സാബു പുന്നൂസ്, അജി പി.ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.

വര്‍ണാഭമായ നിരവധി പരിപാടികളോടെയാണ് ഓണാഘോഷത്തിന് തിരശീല വീണത്.പുതിയ കമ്മിറ്റി ചുമതലയേറ്റ ശേഷം പ്രസിഡന്റ് ആഷന്‍ പോളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ ഭാരവാഹികളായി തിരഞ്ഞെടുത്തതിന്  അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം അടുത്ത ഒരു വര്‍ഷത്തേക്കുള്ള  പരിപാടികളുടെ തീയ്യതികള്‍ തീരുമാനിച്ചു. ആദ്യ പരിപാടിയെന്ന നിലയില്‍ നവംബര്‍ മാസം 20 ശനിയാഴ്ച ശിശുദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂളില്‍ വച്ച് നടത്തുന്നതാണ്. ക്രിസ്തുമസ് പുതുവത്സസര ആഘോഷം ജനുവരി 15 ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ നടത്തുന്നതിനും യോഗം അംഗീകാരം നല്‍കി.

 എം.എം.സി.എയുടെ ആഭിമുഖ്യത്തില്‍ പുതിയതായി ഡാന്‍സ് ക്ലാസുകള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും, അതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം എം. എം. സി.എ പ്രസിഡന്റ് ആഷന്‍ പോള്‍ നിര്‍വ്വഹിക്കുയുണ്ടായി. സെക്രട്ടറി ജയന്‍ ജോണ്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഷൈജ സ്റ്റീഫന്‍, ഡാന്‍സ് ടീച്ചര്‍ ദിവ്യ രഞ്ജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡാന്‍സ് ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തെ  മറ്റ് പ്രധാനപ്പെട്ട പരിപാടികള്‍ ഇപ്രകാരമാണ്. ഏകദിന വിനോദയാത്ര ഏപ്രില്‍ 30 ശനിയാഴ്ച, നഴ്‌സസ് ഡേ  മെയ് 14 ശനിയാഴ്ച, സ്‌പോര്‍ട്‌സ് ഡേ  ജൂണ്‍ 25 ശനിയാഴ്ച, ഓണാഘോഷം 2022  സെപ്റ്റംബര്‍ 10 ശനിയാഴ്ച ഫോറം സെന്ററില്‍.

യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളിലാെന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) സൗത്ത് മാഞ്ചസ്റ്ററിലെയും പരിസരങ്ങളിലെയും മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയാണ്. പുതിയതായി യുകെയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന കുടുംബങ്ങളും വ്യക്തികളും അസോസിയേഷനില്‍ അംഗമാകുവാന്‍ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഉള്‍പ്പെട്ട  കമിറ്റിയുടെ അടുത്ത ഒരു വര്‍ഷത്തെ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടേയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

https://photos.google.com/share/AF1QipMnt6PTkWF5GLwHKOt37NLTjHjeVCGC7qcd-iuhq53FedSaBI4kj8tMvqDPwP9iHg?key=N1J0LVZiQ3cyamtzRlpncVZZVkhFOGVmQ2hJTEtR




കൂടുതല്‍വാര്‍ത്തകള്‍.