മനുഷ്യര്‍ വംശീയ വിവേചനം കാണിക്കുന്നത് ഒരു പതിവ് കാര്യമാണ്. എന്നാല്‍ മെഡിക്കല്‍ ഉപകരണങ്ങളിലും ഈ വ്യതിയാനം നിലനില്‍ക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. ഈ ഘട്ടത്തിലാണ് ഈ വിവേചനം സംബന്ധിച്ച് അടിയന്തര റിവ്യൂ നടത്താന്‍ ഹെല്‍ത്ത് സെക്രട്ടറി ഉത്തരവിട്ടത്. ബ്രിട്ടനിലെ ആശുപത്രികളില്‍ ഉപയോഗിക്കുന്ന ഓക്‌സിജന്‍ ലെവല്‍ റീഡറുകള്‍ തൊലി കറുത്തവരുടെ ഓക്‌സിജന്‍ ലെവല്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പഠനം പുറത്തുവന്നതോടെയാണ് നടപടി.
ജോ ബൈഡന്‍ ഭരണകൂടത്തിലെ ആരോഗ്യ മന്ത്രിമാരുമായി സഹകരിച്ച് പുതിയ ആഗോള ആരോഗ്യ നിലവാരം സൃഷ്ടിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി ഒരുങ്ങുന്നത്. ഇത് പ്രകാരം മെഡിക്കല്‍ ഉപകരണങ്ങള്‍ എല്ലാ വംശങ്ങളിലും തുല്യമായി ഉപയോഗിച്ച് പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം വ്യാപകമായി വില്‍ക്കാനും, ഉപയോഗിക്കാനും വഴിയൊരുക്കുകയാണ് ലക്ഷ്യം.
ആളുകളുടെ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ രേഖപ്പെടുത്തുന്ന ഓക്‌സിമീറ്ററുകളാണ് ചര്‍മ്മം കറുത്തവരില്‍ കൃത്യത കുറഞ്ഞ വിവരം രേഖപ്പെടുത്തുന്നതെന്ന് ഈ വര്‍ഷം ഗവേഷണങ്ങള്‍ തെളിയിച്ചത്. ഇതാണ് കൊവിഡ് മഹാമാരി കാലത്ത് ആയിരക്കണക്കിന് വംശീയ ന്യൂനപക്ഷ രോഗികളുടെ മരണത്തില്‍ കലാശിച്ചതെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ ഉപകരണങ്ങളും വംശീയത പ്രകടമാക്കി തുടങ്ങിയതോടെയാണ് ഇത് പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സണ്‍ഡേ ടൈംസിനോട് പറഞ്ഞു. 'വൈറസിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ചെങ്കിലും വ്യത്യാസങ്ങളുള്ള നിരവധി ഭാഗങ്ങളുണ്ട്. കഴിഞ്ഞ വിന്ററില്‍ കൊവിഡ് കൊടുമുടി കയറിയപ്പോള്‍ ഇംഗ്ലണ്ടിലെ ക്രിട്ടിക്കല്‍ കെയറിലെത്തിയ 28 ശതമാനം പേരും കറുത്തവരും, ഏഷ്യന്‍, മറ്റ് ന്യൂനപക്ഷ വംശങ്ങളില്‍ പെട്ടവരായിരുന്നു', ജാവിദ് പറഞ്ഞു.
മെഷീനില്‍ നോക്കി ഇതില്‍ ലഭിക്കുന്ന വിവരം കൃത്യമാണെന്ന് തീരുമാനിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ടെക്‌നോളജിയും തയ്യാറാക്കുന്നത് മനുഷ്യനാണ്, ഇവിടെയും വിവേചനം കടന്നുവരാം, ഇത് ശരിയാക്കാനാണ് ഉദ്ദേശിക്കുന്നത്, സാജിദ് ജാവിദ് വ്യക്തമാക്കി.