
















അഫ്ഗാനില്‍ വീണ്ടും മതപരമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തി താലിബാന്‍. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ രാജ്യത്തെ ടിവി ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. വാര്‍ത്ത അവതരിപ്പിക്കുന്ന വേളയില്‍ വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ ഹിജാബ് ധരിക്കണമെന്നും ഞായറാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ഇത് നിയമങ്ങളല്ലെന്നും മതപരമായ മാര്‍ഗനിര്‍ദേശങ്ങളാണെന്നുമാണ് സര്‍ക്കാര്‍ വക്താവ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് നബിയുടെയോ മറ്റ് പ്രവാചകന്മാരുടെയോ ചിത്രങ്ങളോ മറ്റോ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ക്കും വിലക്കുണ്ട്. ഇവ അഫ്ഗാന്റെയും ഇസ്ലാമിന്റെയും മൂല്യങ്ങള്‍ക്കെതിരെയുള്ളതാണെന്നാണ് അറിയിപ്പ്.
മുമ്പത്തെപ്പോലെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്നാണ് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നതെങ്കിലും ഭരണത്തില്‍ തെല്ലും മാറ്റമില്ലെന്നാണ് അഫ്ഗാനില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയ താലിബാന്‍ ഭരണകൂടം മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ തല്ലിച്ചതച്ചു.
19962001 കാലയളവില്‍ താലിബാന്‍ ടിവി ചാനലുകള്‍, സിനിമകള്‍ തുടങ്ങി മിക്ക വിനോദോപാധികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയ്‌സ് ഓഫ് ഷരിയ എന്ന റേഡിയോ സ്‌റ്റേഷന്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. 2001ല്‍ താലിബാന്‍ ഭരണത്തില്‍ നിന്ന് പുറത്തായതിന് ശേഷം അഫ്ഗാന്‍ ടിവി ചാനലുകള്‍ സംഗീത വീഡിയോകളും തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ടിവി ഷോകളും പ്രദര്‍ശിപ്പിച്ചിരുന്നു.