ബ്രിട്ടീഷ് രാജകുടുംബത്തിലെ 'പുകഞ്ഞ കൊള്ളിയായി' ആന്‍ഡ്രൂ രാജകുമാരനെ ഒതുക്കി രാജ്ഞി. ആന്‍ഡ്രൂവിന്റെ എല്ലാ സൈനിക പദവികളും, പാട്രണേജുകളും രാജ്ഞി പിടിച്ചെടുത്തു. ആന്‍ഡ്രൂവിന് നല്‍കിയിരുന്ന എച്ച്ആര്‍എച്ച് പദവികള്‍ ഉപേക്ഷിക്കാനും ബക്കിംഗ്ഹാം കൊട്ടാരം ബലം പിടിച്ചതോടെ പൊതു സേവനത്തിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയും അസ്തമിച്ചു.
ഇതോടെ അമേരിക്കയിലെ കോടതിയില്‍ ലൈംഗിക പീഡനക്കേസ് നേരിടുമ്പോള്‍ ഒരു സ്വകാര്യ പൗരനെന്ന നിലയിലാകും സ്വയം പ്രതിരോധിക്കാന്‍ ആന്‍ഡ്രൂ എത്തിപ്പെടുക. രാജപദവിയിലേക്കുള്ള നിരയില്‍ ഒന്‍പതാമനായ ആന്‍ഡ്രൂ തെറ്റായ ബന്ധങ്ങളിലൂടെ പിടിച്ചുവാങ്ങിയ ദുരവസ്ഥയാണിത്.
മനുഷ്യക്കടത്തിന് വിധേയമായ പ്രായപൂര്‍ത്തിയാകാത്ത ഇരയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന ആരോപണം വിചാരണയിലേക്ക് നീങ്ങാതിരിക്കാനുള്ള ആന്‍ഡ്രൂവിന്റെ നിയമപരമായ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് രാജകുടുംബത്തില്‍ വിപുലമായ രീതിയില്‍ ചര്‍ച്ച ചെയ്ത തീരുമാനങ്ങള്‍ തിടുക്കം പിടിച്ച് നടപ്പാക്കുന്നതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
രാജകുടുംബത്തില്‍ നിന്നും ആന്‍ഡ്രൂവിനെ അകറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ ചാള്‍സ് രാജകുമാരനും, വില്ല്യമുമാണെന്നാണ് പറയപ്പെടുന്നത്. രാജ്ഞി ബുധനാഴ്ച ഈ തീരുമാനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു ഇത്. 'രാജകുടുംബത്തിന്റെ നിലനില്‍പ്പാണ് ഇൗ തീരുമാനത്തിലേക്ക് നയിച്ചത്. ഇത് തന്നെയാണ് എല്ലാക്കാലവും പ്രാഥമികം', ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.
രാജ്ഞിയുടെ അംഗീകാരത്തോടെ യോര്‍ക്ക് ഡ്യൂക്കിന്റെ എല്ലാവിധ സൈനിക സഹകരണങ്ങളും, റോയല്‍ പേട്രണേജുകളും രാജ്ഞി തിരിച്ചുപിടിക്കുരയാണ്, കൊട്ടാരം പ്രഖ്യാപിച്ചു. യോര്‍ക്ക് ഡ്യൂക്ക് തുടര്‍ന്നും യാതൊരു വിധത്തിലുള്ള പൊതു സേവനങ്ങളിലും പങ്കെടുക്കില്ല, സ്വന്തം കേസ് സ്വകാര്യ വ്യക്തിയെന്ന നിലയിലാകും നേരിടുക, വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
ആന്‍ഡ്രൂവിനെ ഇന്നലെ വിന്‍ഡ്‌സര്‍ കാസിലിലേക്ക് 90 മിനിറ്റ് യോഗത്തിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. തന്റെ അഭിഭാഷകന്‍ ഗാരി ബ്ലോക്‌സമിനെ കൂട്ടിയാണ് ആന്‍ഡ്രൂ എത്തിയതെങ്കിലും അഭിഭാഷകനെ കൊട്ടാരത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.