തീര്‍ത്തും പരിസ്ഥിതിസൗഹൃദമായി സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുകയോ, പ്രളയം സൃഷ്ടിക്കുകയോ ചെയ്യില്ല. വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി ലോലമേഖലകളിലൂടെയോ, വന്യജീവി സങ്കേതങ്ങളിലൂടെയോ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ല. നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലല്ല പദ്ധതിയുടെ അലൈന്‍മെന്റ്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്തതാത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
രാവിലെ 11 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
ഗ്രാമപ്രദേശങ്ങളില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി നല്‍കും. പട്ടണങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നല്‍കും. 1730 കോടി രൂപ പുനരധിവാസത്തിന് മാത്രമായി നീക്കിവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റിവച്ചു.
നാടിന്റെ മുന്നോട്ടുപോക്കിന് ഗതാഗതസൗകര്യം വര്‍ദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നു. 'ഇവിടെ ഒന്നും നടക്കില്ലെന്ന മനോഭാവമായിരുന്നു ആകെ എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. കേരളത്തിലെ ചില ദേശീയപാതകള്‍ പഴയ പഞ്ചായത്ത് റോഡിനേക്കാള്‍ മോശമാണ്. ഇവിടെയൊന്നും നടക്കില്ലെന്ന ധാരണയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളുടെ കാര്യത്തിലും നിലപാടുകളെടുത്തിരുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹവും ഒരിക്കല്‍ പറഞ്ഞത് നിങ്ങളുടെ നാട്ടില്‍ പല പദ്ധതികളും വൈകുന്നുവെന്നാണ്. അടുത്ത തവണ കാണുമ്പോള്‍ ഇനി പദ്ധതികളുടെ മുന്നോട്ടുപോക്ക് അറിയിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു', മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുമ്പോള്‍ ആളുകളെ ഉപദ്രവിക്കാനല്ല, ഭൂമി നഷ്ടപ്പെട്ടവരെ എങ്ങനെ നന്നായി സഹായിക്കാമെന്നാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ആദ്യം വലിയ എതിര്‍പ്പായിരുന്നു. എതിര്‍പ്പുകാര്‍ക്ക് പിന്നീട് വലിയ കഴമ്പൊന്നുമില്ലെന്ന് മനസ്സിലായി. ഗെയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങി.
കൂടംകുളം പദ്ധതിയും ഉദാഹരണമായി മുഖ്യമന്ത്രി എടുത്തുപറയുന്നു. കൂടംകുളത്ത് നിന്ന് വൈദ്യുതി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ മരംമുറിയുമായി ബന്ധപ്പെട്ട് എതിര്‍പ്പുണ്ടായി. തടയാന്‍ ചില ശ്രമങ്ങളുണ്ടായി. അതില്‍ കൃത്യമായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ അവിടെ നിന്നുള്ള വൈദ്യുതി കേരളത്തിലേക്ക് തടസ്സങ്ങളില്ലാതെ എത്തുന്നു.
തീരദേശറോഡ് മലയോരഹൈവേ, ഇത് രണ്ടും ഇപ്പോള്‍ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോവുകയാണ്. വികസനം ഇന്ന് ഉള്ളിടത്ത് മാത്രം നില്‍ക്കുന്നതല്ല. കാലത്തിനനുസരിച്ച് നമ്മള്‍ മുന്നോട്ട് പോകണം. പല മേഖലകളിലും നാം പിന്നോട്ടാണ്. ഇതിനായി പശ്ചാത്തല സൗകര്യങ്ങള്‍ വികസിക്കേണ്ടത് അത്യാവശ്യമാണ് മുഖ്യമന്ത്രി പറഞ്ഞു.
ഇത്ര വലിയ ബൃഹദ് പദ്ധതിക്ക് പണം കണ്ടെത്താന്‍ കിഫ്ബി വഴി കഴിയുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. ഇതിനെല്ലാമുള്ള പണം ബജറ്റിന് പുറത്ത് നിന്ന് കണ്ടെത്തിയേ തീരൂ. അതിനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 50,000 കോടി രൂുയുടെ പദ്ധതി ആവിഷ്‌കരിച്ചു. ഇനി നാടിന്റെ മുഖച്ഛായ മാറും. നാട്ടിലെ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടണം മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ താത്പര്യത്തിന് എതിരായി ചില ശക്തികള്‍ വന്നാല്‍ അതില്‍ വഴിപ്പെടില്ല. അനാവശ്യ എതിര്‍പ്പുകളില്‍ വഴങ്ങുന്നത് സര്‍ക്കാരിന്റെ നിലപാടല്ല മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് സഞ്ചാരവേഗം പ്രശ്‌നം തന്നെയാണ്. നാലരമണിക്കൂറില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിക്കാന്‍ കഴിയുകയെന്നത് ചെറിയ കാര്യമല്ല. എറണാകുളത്ത് നിന്ന് കേരളത്തിന്റെ ഏത് പ്രധാന സിറ്റിയിലേക്കും രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയും. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. നാട്ടില്‍ ധാരാളം അഭ്യസ്തവിദ്യരുണ്ട്. വ്യവസായസ്ഥാപനങ്ങള്‍ വരണമെങ്കില്‍ പശ്ചാത്തലസൗകര്യം കൂടണം. അങ്ങനെയെങ്കില്‍ വികസനത്തിന് വേഗം കൂടും മുഖ്യമന്ത്രി പറയുന്നു.