ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്ന വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും കുറച്ച് നാളുകളായി പുറത്തുവരുന്നത്. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു അപകടം കൂടി പിന്നണിയില്‍ ശക്തമായി വളരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ ഉടനീളം പട്ടണങ്ങളിലും, നഗരങ്ങളിലുമായി വാടക ചെലവുകള്‍ വര്‍ദ്ധിക്കുന്നതാണ് ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നത്.
യുകെയിലെ 40 പട്ടണങ്ങളിലും, നഗരങ്ങളിലും ഏറ്റവും ഉയര്‍ന്ന വാടക നിരക്കുകള്‍ രേഖപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും പ്രതിമാസം 616 പൗണ്ട് വാടക ബാര്‍ഗെയിനുകള്‍ ലണ്ടനില്‍ ഇപ്പോഴും ലഭ്യമാണ്. ഏറ്റവും ചെലവേറിയ ഇടങ്ങളും തലസ്ഥാന നഗരത്തിലാണ്. വെസ്റ്റ് എന്‍ഡും, സോഹോയുമാണ് പട്ടികയില്‍ മുന്നിലുള്ളത്, ശരാശരി പ്രതിമാസ നിരക്ക് 1229 പൗണ്ടാണ് ഇവിടെ വാടക.
സ്‌പെയര്‍റൂം പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം വാടക നിരക്കുകള്‍ യുകെയില്‍ ഉടനീളം കുതിച്ചുയര്‍ന്നിട്ടുണ്ട്. 50 പട്ടണങ്ങളും, നഗരങ്ങളും 2021 മുതല്‍ 2022 വരെ വര്‍ഷാവര്‍ഷ വര്‍ദ്ധനവ് നേരിട്ടപ്പോള്‍ 40 ഇടങ്ങളിലെ വാടക നിരക്ക് റെക്കോര്‍ഡ് നിരക്കിലെത്തി. ലണ്ടനില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് മുറി ലഭിക്കുന്നത് ആബെ വുഡിലാണ്, 656 പൗണ്ടാണ് ഇവിടെ മാസവാടക.
യുകെയില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നതില്‍ വാടക നിരക്കുകളും സംഭാവന ചെയ്യുന്നുണ്ട്. ബില്ലുകളും, ഭക്ഷ്യ വിലകളും ഉയരുന്നതിനൊപ്പം ജീവിതത്തിന്റെ സകല മേഖലകളിലും ചെലവ് ഉയരുന്നുണ്ടെങ്കിലും ഇതനുസരിച്ച് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന നല്‍കാന്‍ എംപ്ലോയേഴ്‌സ് തയ്യാറാകുന്നില്ല.