രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്തേണ്ട ഉത്തരവാദിത്വം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പോക്കറ്റിലുള്ള വിഷയമാണ്. എന്നാല്‍ ഈ ഉത്തരവാദിത്വം നടപ്പാക്കാന്‍ കഴിയാതെ ബാങ്ക് ഏറെ നാളുകളായി വിഷമിക്കുകയാണ്. മറ്റ് വഴികളില്ലാതെയാണ് പലിശ നിരക്കുകള്‍ ബാങ്ക് അധികൃതര്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. എന്നിട്ടും പണപ്പെരുപ്പം പിടിതരാതെ ഉയരുമ്പോള്‍ 27 വര്‍ഷത്തിനിടെ കാണാത്ത ഏറ്റവും വലിയ പലിശ നിരക്കുകള്‍ നടപ്പാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറെടുക്കുകയാണ്.
അടുത്ത വര്‍ഷത്തിന്റെ ആദ്യത്തില്‍ പണപ്പെരുപ്പം 15 ശതമാനത്തില്‍ തൊടുമെന്ന പ്രവചനങ്ങള്‍ ഞെട്ടലോടെയാണ് ബാങ്ക് കേട്ടത്. ഇതോടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ നിലവിലെ 1.25 ശതമാനത്തില്‍ നിന്നും അര ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്താന്‍ മറ്റ് വഴികളില്ലാതെയാണ് വമ്പന്‍ വര്‍ദ്ധന.
കണ്‍സ്യൂമര്‍ പ്രൈസസ് ഇന്‍ഡെക്‌സ് പണപ്പെരുപ്പം ഈ ഓട്ടം സീസണില്‍ 11 ശതമാനത്തിന് അരികിലേക്ക് ഉയരുമെന്നും പിന്നീട് താഴുമെന്നുമായിരുന്നു മുന്‍പത്തെ പ്രവചനങ്ങള്‍. എന്നാല്‍ കൂടുതല്‍ സാമ്പത്തിക ഞെരുക്കമാണ് വരാനിരിക്കുന്നതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. എണ്ണ ഉള്‍പ്പെടെ പല ആഗോള ഉത്പന്നങ്ങളുടെയും വില താഴ്ന്നിട്ടുണ്ടെങ്കിലും ഗ്യാസ് ഇപ്പോഴും തലകുനിക്കാന്‍ ഇടയാക്കാത്തത് കുടുംബ ബജറ്റുകളെ ബാധിക്കുന്നുണ്ട്.
2023 ആദ്യ പാദത്തില്‍ തന്നെ പണപ്പെരുപ്പം 15 ശതമാനത്തില്‍ എത്തിച്ചേരുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ വിന്ററില്‍ ഗ്യാസ് വില മുന്‍ വര്‍ഷത്തെ നിരക്കിന്റെ 50 ശതമാനം അധികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം തുടരുന്നതാണ് തലവേദന സൃഷ്ടിക്കുന്നത്.
സ്ഥിതി ഇങ്ങനെ നില്‍ക്കുമ്പോഴും നികുതി വെട്ടിക്കുറയ്ക്കുമെന്ന വാദത്തിലാണ് ടോറി നേതൃസ്ഥാനാര്‍ത്ഥി ലിസ് ട്രസ്. കണ്ണുംപൂട്ടി നികുതി കുറച്ചാല്‍ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന് മുന്‍ ചാന്‍സലര്‍ കൂടിയായ ഋഷി സുനാക് ചൂണ്ടിക്കാണിക്കുന്നു. ഈ ഘട്ടത്തില്‍ ലിസ് ട്രസ് വിജയിച്ച് കയറിയാല്‍ പോലും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വിയര്‍ക്കും!