ക്ലാരെന്‍സ് ഹൗസില്‍ അര്‍ദ്ധരാത്രിയോട് അടുത്താണ് ചാള്‍സ് രാജാവിന്റെ 75-ാം ജന്മദിന പാര്‍ട്ടി കഴിഞ്ഞ് വില്ല്യമും, കെയ്റ്റും വിടവാങ്ങിയത്. ഏറ്റവും അടുത്ത കുടുംബാംഗങ്ങളും, സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ജന്മദിനാഘോഷം. എന്നാല്‍ പാര്‍ട്ടിയില്‍ ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളേക്കാള്‍ ശ്രേഷ്ഠമായ ഒരു സമ്മാനം, ഒരു ഫോണ്‍ കോള്‍ വഴി രാജാവിനെ തേടിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇളയ മകന്‍ ഹാരിയുടെ വകയായിരുന്നു ആ ഫോണ്‍ കോള്‍. ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ സമ്മാനമായി ഹാരി പിതാവിനെ ഫോണില്‍ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആറ് മാസത്തിനിടെ ആദ്യമായാണ് രാജകുമാരന്‍ പിതാവുമായി സംസാരിക്കുന്നത്.
ചൊവ്വാഴ്ച നടന്ന പിറന്നാള്‍ ചടങ്ങുകളില്‍ ഗണ്‍ സല്യൂട്ടും, ഫുഡ് വേസ്റ്റ് പ്രൊജക്ട് ഉദ്ഘാടനവും, എന്‍എച്ച്എസിനായി നടത്തിയ റിസപ്ഷനും കഴിഞ്ഞായിരുന്നു പാര്‍ട്ടി. ബര്‍ത്ത്‌ഡേ ദിനത്തില്‍ ഹാരി പിതാവിനെ ഫോണില്‍ വിളിച്ചതായി ശ്രോതസ്സുകള്‍ ബിബിസിയോട് പറഞ്ഞു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത രാജാവ് ഫോണില്‍ ലഭിച്ച കോള്‍ എടുത്തോയെന്ന് വ്യക്തമല്ല.
എന്നാല്‍ ഹാരിയ്ക്ക് പുറമെ മരുമകള്‍ മെഗാന്‍ മാര്‍ക്കിളുമായും രാജാവ് സംസാരിച്ചുവെന്നാണ് സണ്‍ റിപ്പോര്‍ട്ട്. അനുഭവങ്ങള്‍ തുറന്നെഴുതിയ സ്‌പെയര്‍ എന്ന പുസ്തകം പുറത്തുവന്നതിന് ശേഷം പിതാവും, മകനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതായാണ് അഭ്യൂഹങ്ങള്‍. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള ആശയവിനിമയവും പരിമിതമായി. ബക്കിംഗ്ഹാം കൊട്ടാരം വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാജാവിന്റെ ബര്‍ത്ത്‌ഡേ പ്രൊജക്ടുകള്‍ക്ക് പ്രാധാന്യം ലഭിക്കാനാണ് മറ്റ് വിഷയങ്ങളില്‍ അഭിപ്രായത്തിന് തയ്യാറാകാത്തത്.