ജിപിയെ കാണാതെ ഹൈസ്ട്രീറ്റില്‍ നിന്നും സൗജന്യ ഗര്‍ഭനിരോധന ഗുളിക ലഭിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഒരുങ്ങുന്നു. പുതിയ എന്‍എച്ച്എസ് പദ്ധതികള്‍ പ്രകാരമാണ് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി വരുന്നത്. അടുത്ത മാസം മുതല്‍ ഇംഗ്ലണ്ടിലെ സ്ത്രീകള്‍ക്ക് പ്രാദേശിക ഫാര്‍മസിയെ സന്ദര്‍ശിച്ച് ഗുളികയ്ക്കുള്ള ഫസ്റ്റ് പ്രിസ്‌ക്രിപ്ഷന്‍ നേടാം.
ഇതുവഴി എവിടെ നിന്നും ഗുളിക വാങ്ങണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ വിപുലമായ സാധ്യത തെളിയും. അടുത്ത വിന്ററോടെ 10 മില്ല്യണ്‍ ജിപി അപ്പോയിന്റ്‌മെന്റുകള്‍ മോചിപ്പിച്ച് എടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നടപടികള്‍. ഈസ്ട്രജനും, പ്രൊജെസ്റ്റൊജെനും ചേര്‍ന്നുള്ള ഗുളികയാണ് സ്ത്രീകള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ ഫാര്‍മസിസ്റ്റ് ചെക്കപ്പ് നടത്തി രക്തസമ്മര്‍ദവും, ഭാരവും രേഖപ്പെടുത്തും.
പ്രൊജെസ്റ്റൊജെന്‍ മാത്രമുള്ള 'മിനി പില്‍' ആവശ്യമാണെങ്കില്‍ യാതൊരു പരിശോധനയും ആവശ്യമായി വരില്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. പുതിയ സേവനം ലഭ്യമാക്കാന്‍ ഫാര്‍മസികള്‍ പദ്ധതിയില്‍ ഒപ്പുവെയ്ക്കണം. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടില്‍ എല്ലായിടത്തും പദ്ധതി വേഗത്തില്‍ ലഭ്യമാകില്ല. കൂടുതല്‍ ഫാര്‍മസികള്‍ പദ്ധതിയുടെ ഭാഗമാകുന്ന മുറയ്ക്ക് എന്‍എച്ച്എസ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കും. ഇതുവഴി സേവനം ആവശ്യമുള്ള ലൊക്കേഷന്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ക്ക് സാധിക്കും.
അമിതഭാരവും, ഉയര്‍ന്ന രക്തസമ്മര്‍ദവും രേഖപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് കംബൈന്‍ഡ് ഗുളിക കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇവരെ മാത്രം കൂടുതല്‍ പരിശോധനകള്‍ക്കായി ജിപിമാരുടെ അരികിലേക്ക് അയയ്ക്കും. ഇതോടെ ജിപിമാരെ കാണാതെ പില്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണം അടുത്ത വര്‍ഷത്തോടെ അര മില്ല്യണിലേക്ക് ഉയര്‍ത്താമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.