ടോറി പാര്‍ട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പറ്റിയ എല്ലാ പ്രതികൂല സാഹചര്യങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. ഉയര്‍ന്ന നികുതി, വിലക്കയറ്റം എന്നിവയെല്ലാം ചേര്‍ന്ന് പ്രധാനമന്ത്രി ഋഷി സുനാകിനും സംഘത്തിനും ആവുന്ന പ്രതിസന്ധികളെല്ലാം എത്തിച്ച് നല്‍കുന്നു. എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്നതായി വ്യക്തമായതോടെ പല നികുതികളും മുന്‍കൂട്ടി കുറച്ച് നഷ്ടമായ പിന്തുണ തിരിച്ചുപിടിക്കാന്‍ ടോറികള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിച്ചുരുക്കുമെന്നാണ് സൂചന. ഉയരുന്ന വരുമാനം മൂലം ആളുകള്‍ ഉയര്‍ന്ന നികുതി സിസ്റ്റത്തിലേക്ക് വീണത് ട്രഷറിയുടെ വരുമാനം വര്‍ദ്ധിപ്പിച്ചതും ഗുണകരമായി. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് കുറയ്ക്കുന്നത് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുമായി തങ്ങളുടെ വ്യത്യാസം ഉയര്‍ത്തി കാണിക്കാന്‍ വഴിയൊരുക്കുമെന്ന് ടോറികള്‍ ചൂണ്ടിക്കാണിക്കുന്നു.
പണപ്പെരുപ്പം ഒക്ടോബറില്‍ 4.6 ശതമാനത്തിലേക്ക് താഴ്ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതിനിടെ മറ്റൊരു തിരിച്ചടി ജനങ്ങളെ കാത്തിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൗണ്‍സില്‍ ടാക്‌സുകള്‍ പ്രതിവര്‍ഷം 120 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കാന്‍ ചാന്‍സലര്‍ അനുമതി നല്‍കുമെന്നാണ് സൂചന.
അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ 5 ശതമാനം കൂടി ടാക്‌സ് ബില്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ജെറമി ഹണ്ട് ഇംഗ്ലീഷ് ലോക്കല്‍ അതോറിറ്റികള്‍ക്ക് അധികാരം കൈമാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നികുതികള്‍ കുറച്ച് ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ ടോറി എംപിമാര്‍ ആവശ്യപ്പെടുമ്പോഴാണ് നേരിട്ടല്ലാതെയുള്ള ഈ തിരിച്ചടി വരുന്നത്.