ചെങ്കടലിലൂടെ സഞ്ചരിച്ച ഇസ്രായേലി കപ്പല്‍ റാഞ്ചിയതായി യമനിലെ ഹൂതി വിതരുടെ അവകാശവാദം. തുര്‍ക്കിയയില്‍നിന്ന് ഇന്ത്യയിലേക്ക് പോവുകയായിരുന്ന 'ഗാലക്‌സി ലീഡര്‍' എന്ന കപ്പലാണ് റാഞ്ചിയിരിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 22 യാത്രക്കാരുമായാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. ഇതില്‍ ഇസ്രായേലി പൗരന്മാരില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഗാസയിലെ പ്രത്യാക്രമണത്തിന് പ്രതികാരമായി യെമന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ഇസ്രായേലി ഉടമസ്ഥതയിലുള്ളതും ഇസ്രായേലി പതാകയുള്ളതുമായ കപ്പലുകള്‍ റാഞ്ചുമെന്ന് ഹൂതി വിമതരുടെ വക്താവ് യഹ്‌യ സരിയ നേരത്തെ വെല്ലുവിളിച്ചിരുന്നു. ഇത്തരം കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ പിന്‍വലിക്കാന്‍ മറ്റു രാജ്യങ്ങളോട് ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ ഹൂതികള്‍ നിരവധി തവണ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
കപ്പല്‍ ഇസ്രായേലി വ്യവസായി റാമി ഉംഗറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. കപ്പല്‍ ഹൂതികള്‍ റാഞ്ചിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരം പ്രവൃത്തികള്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഇസ്രായേല്‍ പറഞ്ഞു.