നടി തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ ലൈംഗിക പരാമര്‍ശം നടത്തിയ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേസില്‍ നടിയോട് മാപ്പ് പറഞ്ഞുവെങ്കിലും മന്‍സൂര്‍ അലി ഖാന്‍ ഇപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവര്‍ക്കെതിരെയാണ് നടന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.
തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഒരാഴ്ചയിലധികമായി തന്റെ സമാധാനം തകര്‍ത്തുവെന്നും മന്‍സൂര്‍ അലി ഖാന്‍ ആരോപിക്കുന്നു. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്‍ക്കെതിരെ യഥാര്‍ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടു. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും നടന്‍ ആരോപിക്കുന്നുണ്ട്.
'ലിയോ'യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.