ലണ്ടനില്‍ ബസ് ഡ്രൈവറെയും, യാത്രക്കാരെയും കൈയില്‍ ആസിഡുമായി എത്തി ബന്ദികളാക്കിയ അക്രമിയെ പോലീസ് കീഴടക്കി. വാഹനത്തില്‍ ഇരച്ചുകയറിയ പോലീസ് ഇയാളെ കീഴടക്കി, തെരുവിലിറക്കി നഗ്നനായി പരിശോധിച്ചു.
നീല കെമിക്കല്‍ സ്യൂട്ടുകള്‍ അണിഞ്ഞ മെട്രോപൊളിറ്റന്‍ പോലീസിന്റെ ടെറിട്ടോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് ഉള്‍പ്പെടെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തിയാണ് ഇന്നലെ രാത്രി 8.30-ഓടെ ക്രോയ്‌ഡോണില്‍ നാടകീയ സംഭവവികാസങ്ങള്‍ക്ക് അവസാനം കുറിച്ചത്.
ബ്രിക്സ്റ്റണില്‍ നിന്നും 109 ബസില്‍ കയറിയ 30-കളില്‍ പ്രായമുള്ള വ്യക്തി പുകവലിക്കാന്‍ തുടങ്ങുകയും, മറ്റ് യാത്രക്കാര്‍ ഇത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഇതോടെ സ്ഥിതി പെട്ടെന്ന് മാറിമറിഞ്ഞു. കൈയിലുള്ള ഒരു ബോട്ടില്‍ പുറത്തെടുത്ത് ഇത് ആസിഡാണെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണി ആരംഭിച്ചു.
മൂന്ന് മണിക്കൂറോളമാണ് പോലീസും, ആസിഡ് അക്രമിയും തമ്മിലുള്ള ബലാബലം നീണ്ടത്. എന്നാല്‍ പദാര്‍ത്ഥം യാത്രക്കാര്‍ക്ക് നേരെ എറിയുകയോ, ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓറഞ്ച് ജംബ്‌സ്യൂട്ടില്‍ എത്തിയ പ്രപതിയെ സ്ട്രാപ്പ് ചെയ്താണ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയത്. അറസ്റ്റിന് പിന്നാലെ പദാര്‍ത്ഥം പരിശോധിക്കാന്‍ കെമിക്കല്‍ വിദഗ്ധരും സ്ഥലത്തെത്തി.
ബ്രിഗ്‌സ്‌റ്റോക്ക് റോഡ് മുതല്‍ തോണ്‍ടണ്‍ ഹീത്ത് ഗാരേജ് വരെയുള്ള മേഖലയില്‍ പോലീസ് ബന്ദവസ്സ് പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതിയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എല്ലാ യാത്രക്കാരും, ഡ്രൈവറും സുരക്ഷിതരായി ബസില്‍ നിന്നും പുറത്തുപോയെന്ന് പോലീസ് സ്ഥിരീകരിച്ചു.
കാപ്ഹാമില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥി മൂന്ന് പേര്‍ക്ക് പേരെ ആസിഡ് എറിഞ്ഞ സംഭവത്തിന് പിന്നാലെ ആസിഡുമായി ബസ് റാഞ്ചിയ സംഭവം ബ്രിട്ടനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.