എആര്‍ റഹ്മാന് ഓസ്‌കര്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ഗാനമായിരുന്നു 'ജയ് ഹോ'. എന്നാല്‍ ഈ പാട്ട് യഥാര്‍ത്ഥത്തില്‍ അദ്ദേഹമല്ല കംപോസ് ചെയ്തതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജയ് ഹോ ഒരുക്കിയത് ഗായകന്‍ സുഖ്‌വീന്ദര്‍ സിങ് ആണെന്നാണ് ആര്‍ജിവി പറഞ്ഞത്. എന്നാല്‍ താനല്ല എ.ആര്‍ റഹ്മാന്‍ തന്നെയാണ് ഒറിജിനല്‍ ട്രാക്ക് കമ്പോസ് ചെയ്തതെന്ന് പറയുകയാണ് സുഖ്‌വീന്ദര്‍ സിംഗ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ പാടുക മാത്രമാണ് ചെയ്തത്. രാം ഗോപാല്‍ വര്‍മ തുടക്കക്കാരനായ വ്യക്തി ഒന്നുമല്ലലോ. അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണമൂലം തെറ്റ് സംഭവിച്ചതായിരിക്കാം'എന്നാണ് സുഖ്‌വീന്ദര്‍ അഭിമുഖത്തില്‍ പറഞ്ഞത്. സുഖ്‌വീന്ദറിന്റെ മുംബൈയിലെ സ്റ്റുഡിയോയില്‍ വെച്ചാണ് എ.ആര്‍ റഹ്മാന്‍ ട്രാക്ക് കമ്പോസ് ചെയ്തത്. അത് അദ്ദേഹം സുഭാഷ് ഘായിയെ കേള്‍പ്പിച്ച് കൊടുക്കുകയും ചെയ്തു. ഗുല്‍സാര്‍ എഴുതി അത് ഇഷ്ടപ്പെട്ട് ആ വരികള്‍ക്കാണ് റഹ്മാന്‍ മ്യൂസിക് കമ്പോസ് ചെയ്തത് എന്നും സുഖ്‌വീന്ദര്‍ പറയുന്നു.
സുഭാഷ് ഘായ്ക്ക് പാട്ട് ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും യുവരാജിലെ അദ്ദേഹത്തിന്റെ നായകന് ഈ ഗാനം നന്നായിരിക്കുമെന്ന് തോന്നിയില്ല. തന്റെ കഥാപാത്രത്തിന് കുറച്ചുകൂടി മസാല കലര്‍ന്ന ഗാനമായിരുന്നു സുഭാഷ് ഘായ്ക്ക് വേണ്ടിയിരുന്നത്. ഈ പാട്ടില്‍ കുറച്ച് മാറ്റം വരുത്തിയാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ സുഭാഷ് ഘായ്ക്ക് പുതിയ പാട്ട് തന്നെ വേണമെന്നാണ് പറഞ്ഞത്.
ഇതോടെ റഹ്മാനും സുഭാഷ് ഘായും അവിടുന്ന് പോയി. തനിക്ക് സങ്കടമായി. ഗുല്‍സാര്‍ സാഹിബിനോട് ഒരു 10-15 മിനുട്ട് കൂടി നില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടു. എന്തിനാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം തന്നോട് തിരിച്ചു ചോദിച്ചു. താങ്കള്‍ ഇത് അത്ര മനോഹരമായിട്ടാണ് എഴുതിയതെന്ന് അദ്ദേഹത്തോട് പറഞ്ഞു. താന്‍ ആ പാട്ട് പാടാന്‍ ശ്രമിച്ചു നോക്കി. അദ്ദേഹം എഴുതിയ വരികള്‍ വെറുതെ ഒന്ന് പാടിനോക്കി.
ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന അതേ ജയ്‌ഹോ പാട്ട് തന്നെയായിരുന്നു അത്. ഞാന്‍ അത് റഹ്മാന്‍ സാറിന് അയച്ചുകൊടുത്തു. അദ്ദേഹം അത് സ്ലം ഡോഗ് മില്ല്യണയര്‍ സംവിധായകന്‍ ഡാനി ബോയ്‌ലേക്ക് കേള്‍പ്പിച്ചു കൊടുത്തു. റഹ്മാന്‍ യുവരാജ് എന്ന സിനിമയിലേക്ക് വേറെ ഗാനം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചതെന്നാണ് സുഖ്‌വീന്ദര്‍ സിംഗ് പറഞ്ഞത്.