CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 24 Seconds Ago
Breaking Now

ഉത്തരീയഭക്തി വിളിച്ചോതുന്ന ഏഴാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 25 ശനിയാഴ്ച ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ..

എയ്ല്‍സ്‌ഫോര്‍ഡ് :ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 25 ന് നടക്കും.  ഉത്തരീയ മാതാവിന്റെ  സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ  മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏഴാമത് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന  തീര്‍ത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെയാണ്  ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.

ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ്  എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്.  

മെയ് 25 ശനിയാഴ്ച രാവിലെ 11.15 നു കൊടിയേറ്റ്, 11.30 നു നേര്‍ച്ചകാഴ്ചകളുടെ സ്വീകരണം, 11.45 നു ജപമാല, 1.15 നു പ്രസുദേന്തി  വാഴ്ച, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്,  തുടര്‍ന്ന് 1.30 നു  ആഘോഷമായ വിശുദ്ധ കുര്‍ബാന, 3.30നു ലദീഞ്, ആഘോഷമായ പ്രദക്ഷിണം, 4.30 നു മരിയന്‍ ഡിവോഷന്‍, സമാപന ആശീര്‍വാദം, 5 .00  നു സ്‌നേഹവിരുന്ന് എന്ന രീതിയിലാണ് തീര്‍ത്ഥാടനത്തിന്റെ സമയക്രമം.

തീര്‍ത്ഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും, കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.  ബസുകളും, കാറുകളും, കോച്ചുകളും പാര്‍ക്ക് ചെയ്യുവാന്‍ വിശാലമായ പാര്‍ക്കിംഗ്  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ സ്‌നാക്ക്, ടീ, കോഫി കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

കര്‍മ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിലേക്കും തിരുക്കര്‍മ്മങ്ങളിലേക്കും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പില്‍ഗ്രിമേജ് കോഓര്‍ഡിനേറ്റര്‍ ഫാ. മാത്യു കുരിശുമ്മൂട്ടില്‍ അറിയിച്ചു.

ഉത്തരീയത്തിന്റെ ചരിത്രം

മെഡിറ്ററേനിയന്‍ കടലിലേക്ക് നോക്കിനില്‍ക്കുന്ന മനോഹര പര്‍വ്വതനിരകളില്‍ ഒന്നായ കര്‍മ്മലമലയുടെ ഉയരത്തിലാണ് ഉത്തരീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തു വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, തന്റെ ദഹനബലി ദൈവം സ്വീകരിച്ചത് വഴി സത്യദൈവം ആരെന്നു ആഹാബ് രാജാവിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ എലിയാ, വരള്‍ച്ച അവസാനിക്കാന്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഏഴുപ്രാവശ്യം പുറത്തുപോയി കടലിലേക്ക് നോക്കിയ ഏലിയായുടെ സഹായി ഏഴാം പ്രാവശ്യം ചെറിയൊരു മേഘം പൊന്തിവരുന്നത് കണ്ടു. പിന്നീട് വലിയ മഴ പെയ്തു. പിന്നെയും കുറെ നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ സഭയിലെ വേദപാരംഗതര്‍ ( വിശുദ്ധ അഗസ്റ്റിന്‍, വിശുദ്ധ അംബ്രോസ്) പറഞ്ഞത് ആ മേഘം പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതീകമായിരുന്നെന്നാണ്, മനുഷ്യവര്‍ഗ്ഗമാകുന്ന കടലില്‍ നിന്നുയര്‍ന്നു വന്ന് കൃപയുടെ, രക്ഷയുടെ മാരി ചൊരിയുന്ന കര്‍ത്താവിലേക്ക് നമ്മളെ നയിക്കുന്നവള്‍.

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാര്‍ യൂറോപ്പില്‍ നിന്ന് വന്നു. അവരില്‍ കുറച്ചുപേര്‍ കര്‍മ്മലമലയില്‍ സന്യാസിമാരായി കൂടി, 'കര്‍മ്മലമാതാവിന്റെ സഹോദരര്‍' എന്ന പേരില്‍ ഒരു സമൂഹമായി. 1206ല്‍ ജെറുസലേമിന്റെ പാത്രിയാര്‍ക്കായിരുന്ന വിശുദ്ധ ആല്‍ബര്‍ട്ട് അവര്‍ക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാര്‍മലൈറ്റ്‌സിന് അന്നുമുതല്‍ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങള്‍ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോള്‍ കുറേപ്പേര്‍ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേര്‍ ആക്രമണത്തിനിരയായി.

യൂറോപ്പിലേക്ക് മാറിതാമസിച്ച കര്‍മ്മലീത്തക്കാര്‍ അതിശയകരമായ വിധം വിശുദ്ധിയില്‍ ജീവിച്ചിരുന്ന സൈമണ്‍ സ്റ്റോക്കിനെ കണ്ടുമുട്ടി. 1185 ല്‍ കെന്റിലെ എയ്ല്‍സ്‌ഫോഡില്‍ ജനിച്ച സൈമണ്‍ 12 വയസ്സുള്ളപ്പോള്‍ വനാന്തരത്തിലേക്ക് പോയി, പൊള്ളയായ ഒരു ഓക്ക് മരക്കുറ്റിയുടെ സുരക്ഷിതത്വത്തില്‍ ഏറെക്കാലം സന്യാസിയായി ജീവിച്ചതുകൊണ്ടാണ് സ്റ്റോക്ക് എന്ന പേര് കൂട്ടിച്ചേര്‍ത്തു ആളുകള്‍ വിളിക്കാന്‍ തുടങ്ങിയത്.

ചെറുപ്പം മുതലേ പരിശുദ്ധ അമ്മയോട് നല്ല ഭക്തിയുണ്ടായിരുന്ന സൈമണിന് അമ്മ ദര്‍ശനങ്ങള്‍ നല്‍കിയിരുന്നു. ഒരു ദര്‍ശനത്തില്‍ പരിശുദ്ധ അമ്മ പറഞ്ഞു കര്‍മ്മലമലയില്‍ നിന്ന് വരുന്ന സന്യാസികളുടെ സമൂഹത്തില്‍ ചേരണമെന്ന്.

1241ല്‍ കെന്റിലെ പ്രഭു കര്‍മ്മലീത്തക്കാര്‍ക്കായി എയ്ല്‍സ്‌ഫോഡില്‍ ഒരു വസതിയും വിശാലമായ ഭൂമിയും സമ്മാനിച്ചപ്പോള്‍ അവര്‍ അതില്‍ സ്വര്‍ഗ്ഗരോപിതമാതാവിന്റെ പേരില്‍ ഒരു പള്ളിയും ഒരു ആശ്രമവും പണിയാന്‍ തുടങ്ങി. 1245 ലെ സമ്മേളനത്തില്‍ അവരുടെ പ്രിയൊര്‍ ജനറല്‍ ആയി സൈമണ്‍ സ്റ്റോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സന്യാസികളുടെ ധ്യാനാത്മകശൈലിയില്‍ നിന്നും ഫ്രാന്‍സിസ്‌ക്കന്‍സിന്റെയും ഡോമിനിക്കന്‍സിന്റെയും ജീവിതരീതികളിലേക്ക് മാറിക്കൊണ്ടിരുന്ന സഹോദരരുടെ സമൂഹത്തിന് അദ്ദേഹത്തിന്റെ വിശുദ്ധിയും നേതാവെന്ന നിലയിലുള്ള സവിശേഷതകളും ആവശ്യമായിരുന്നു.

1251ജൂലൈ 16 ന് രാത്രി മുഴുവന്‍ പരിശുദ്ധ അമ്മയുടെ വഴിനടത്തലിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സൈമണ്‍ സ്റ്റോക്കിന് ഒരു കയ്യില്‍ ഉത്തരീയവും മറുകയ്യില്‍ ഉണ്ണീശോയെയും പിടിച്ച രീതിയില്‍ അമ്മ കാണപ്പെട്ടു. അമ്മ പറഞ്ഞു ,

'എന്റെ പ്രിയ പുത്രാ, നിനക്കും കര്‍മ്മലമലയിലെ മക്കള്‍ക്കുമായി ഞാന്‍ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിന്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്‌നിയില്‍ നിന്നു ഞാന്‍ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും വാഗ്ദാനമാണ്. '

സൈമണ്‍ അമ്മയുടെ ദര്‍ശനത്തെ പറ്റിയും വാഗ്ദാനത്തെ പറ്റിയും വിശദമായെഴുതി എല്ലാ കര്‍മ്മലീത്തആശ്രമങ്ങളിലേക്കും അയച്ചു. ഉത്തരീയഭക്തി പ്രചരിക്കാന്‍ തുടങ്ങി. പോപ്പുമാരും ബിഷപ്പുമാരും രാജാക്കന്മാരും കൃഷിക്കാരും, ഒന്നുപോലെ ഉത്തരീയം ഇടാന്‍ ആരംഭിച്ചു. 1322ല്‍ അവിഞ്ഞോണില്‍ വെച്ച് ജോണ്‍ ഇരുപത്തിരണ്ടാം പാപ്പക്ക് പ്രത്യക്ഷപ്പെട്ട അമ്മ കര്‍മ്മലസഭ പോപ്പിന്റെ പ്രത്യേക സംരക്ഷണത്തില്‍ ആയിരിക്കണമെന്ന് പറഞ്ഞു. പത്താം പീയൂസ് മാര്‍പ്പാപ്പ തവിട്ടു നിറത്തിലുള്ള ഉത്തരീയത്തിന് പകരം മെഡല്‍ ധരിക്കാന്‍ അനുവദിച്ചു. ഒരുവശത്തു ഈശോയുടെ തിരുഹൃദയവും മറുവശത്തു പരിശുദ്ധ അമ്മയുടെ പടവും. നൂറ്റാണ്ടുകളായി ഈ ഭക്തി മാറിമാറി വരുന്ന മാര്‍പാപ്പമാര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

പോര്‍ച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ആദ്യമായി കേരളസഭക്ക് വെന്തിങ്ങ സമ്മാനിച്ചത്. കേരളത്തിലെ സുറിയാനിക്രിസ്ത്യാനികള്‍ പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്ന് സമ്മാനമായി നല്‍കിയ ഈ ഉത്തരീയം വിശ്വാസത്തോടെ ധരിക്കുകയും  ഉത്തരീയഭക്തിയില്‍ വളരുകയും ചെയ്തു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ  ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട്,  സ്‌പെഷ്യല്‍ നീഡ് എന്നിവക്കും  കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക

റവ. ഫാ. മാത്യു കുരിശുമ്മൂട്ടില്‍  (07767999087), ലിജോ സെബാസ്റ്റ്യന്‍   (07828874708), മനോജ് തോമസ് (07402429478), ഡൊമിനിക് മാത്യു (07894075151), ബോണി ജോണ്‍ (07403391718)

 

Address of the Venue: The Friars, Aylesford, Kent, ME20 7BX

 

വാര്‍ത്ത: ബിനു ജോര്‍ജ് 

 

 
കൂടുതല്‍വാര്‍ത്തകള്‍.