മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ചേരാനിരുന്ന കേന്ദ്ര യോഗം മാറ്റിവെച്ചു. ഡല്‍ഹിയില്‍ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. പുതിയ ഡാം പണിയുന്നതിന്റെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചായിരുന്നു യോഗം. യോഗം മാറ്റിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി യോഗം മാറ്റിെവക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് യോഗം മാറ്റിെവച്ചതായി അറിയിപ്പു ലഭിച്ചത്. എന്നാല്‍, ഇതറിയാതെ യോഗത്തില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലെ രൂപകല്പന, ഗവേഷണ വിഭാഗം ചീഫ് എന്‍ജിനിയര്‍ പ്രിയേഷ്, ഡയറക്ടര്‍ ശ്രീദേവി എന്നിവര്‍ ഡല്‍ഹിയിലെത്തി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഏത് നീക്കവും അനുവദിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് സുപ്രീംകോടതി വിധിക്കെതിരാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അത് മറികടന്ന് തീരുമാനമെടുത്താല്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളും രംഗത്തെത്തി.
കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ലോവര്‍ ക്യാമ്പില്‍ നിന്നും കേരളത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താല്‍ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോണ്‍ പെന്നി ക്വക്കിന്റെ സ്മാരകത്തിന് മുമ്പില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം നല്‍കിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.