ടോറി ഗവണ്‍മെന്റ് നടപ്പാക്കിയ വിസാ നിയന്ത്രണങ്ങള്‍ മൂലം സുപ്രധാന വിസാ ആപ്ലിക്കേഷനുകളില്‍ 30 ശതമാനത്തോളം ഇടിവ് നേരിട്ടതായി കണക്കുകള്‍. മൂന്ന് പ്രധാന തരത്തിലുള്ള വിസകള്‍ക്കുള്ള കുടിയേറ്റക്കാരുടെയും, അവരുടെ ഡിപ്പന്റന്‍ഡുമാരുടെയും അപേക്ഷകളാണ് സാരമായി താഴ്ന്നുവെന്ന് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇമിഗ്രേഷന്‍ നിയന്ത്രണം വലിയ വിഷയമായി ഉയര്‍ന്ന് നില്‍ക്കവെയാണ് ഗവണ്‍മെന്റ് നടപടികള്‍ ഫലം കാണുന്നുവെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.
ജനുവരിയില്‍ റിസേര്‍ച്ച് പോസ്റ്റ്ഗ്രാജുവേറ്റ്‌സിന് മാത്രമായി വിദ്യാര്‍ത്ഥികളുടെ ഡിപ്പന്റന്‍ഡ് റൂട്ട് നിജപ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളുടെ ആശ്രിതരില്‍ നിന്നുള്ള അപേക്ഷകളില്‍ 79 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായി 2023-ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ബ്രിട്ടനിലേക്ക് പ്രവേശിക്കാനായി 46,700 സ്റ്റുഡന്റ് ഡിപ്പന്റന്‍ഡ്‌സ് അപേക്ഷ നല്‍കിയ സ്ഥാനത്ത് ഈ വര്‍ഷം കേവലം 9700 പേരാണ് അപേക്ഷിച്ചത്.
ഇതിന് പുറമെ വിദേശ കെയര്‍ വര്‍ക്കര്‍മാരുടെ ആശ്രിതര്‍ക്കുള്ള അപേക്ഷകള്‍ 78,600 എന്ന നിലയില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ 61,600 ആയി കുറഞ്ഞു. ഈയാഴ്ച ആദ്യം പുറത്തുവിട്ട കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക കൂടുതല്‍ നിയന്ത്രണങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും എണ്ണം കുറച്ച് കൊണ്ടുവരാന്‍ മൈഗ്രേഷന്‍ ക്യാപ്പ് ഏര്‍പ്പെടുത്തുമെന്നാണ് പ്രധാന നിര്‍ദ്ദേശം.
'ഇമിഗ്രേഷന്‍ ഏറെ കൂടുതലാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എണ്ണം കുറയ്ക്കാന്‍ ശക്തമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പുറത്തുവരുന്ന കണക്കുകള്‍ പദ്ധതി വിജയിക്കുന്നുവെന്ന് വ്യക്തമാക്കുന്നു', ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. അതേസമയം കീര്‍ സ്റ്റാര്‍മര്‍ക്ക് ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ പദ്ധതിയില്ലെന്നും, ഇയുവുമായി കരാര്‍ തുടങ്ങാമെന്ന് സ്വപ്‌നം കാണുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.