ടോറികള്‍ക്കൊപ്പം പിടിച്ച് റിഫോം യുകെ അഭിപ്രായസര്‍വ്വെകളില്‍ മുന്നേറുന്നു. മറ്റൊരു സര്‍വ്വെ കൂടി റിഫോമും, കണ്‍സര്‍വേറ്റീവുകളും ഒപ്പത്തിനൊപ്പമാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കണ്ണഞ്ചിപ്പിക്കുന്ന ചെലവഴിക്കല്‍ പദ്ധതികളുമായി നിഗല്‍ ഫരാഗ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തുവിട്ടു.
റിഫോം യുകെ 18 ശതമാനവുമായി ടോറികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് റെഡ്ഫീല്‍ഡ് & വില്‍ട്ടണ്‍ സ്ട്രാറ്റജീസ് പറയുന്നു. ലേബറിന് 25 പോയിന്റ് പിന്നിലാണ് ഇരുപാര്‍ട്ടികളും. റിഫോം യുകെ ഒപ്പമോ, മുന്നിലോ ആണെന്ന് സര്‍വ്വെ ഫലങ്ങള്‍ പുറത്തുവരുമ്പോഴും ടോറികള്‍ക്ക് ഇനിയും വിജയസാധ്യതയുണ്ടെന്നാണ് ഋഷി സുനാകിന്റെ നിലപാട്.
100 ദിവസത്തിനുള്ളില്‍ ബോട്ടുകള്‍ തടയാനുള്ള നടപടിയാണ് റിഫോമിന്റെ വോട്ടര്‍മാരുമായുള്ള 'കരാറിന്റെ' ഭാഗമായി നടപ്പാക്കുകയെന്ന് ഫരാഗ് പ്രഖ്യാപിച്ചു. എന്നാല്‍ താന്‍ ഈ പദ്ധതിയൊന്നും നടപ്പാക്കുന്നതില്‍ എത്തിച്ചേരില്ലെന്നും റിഫോം നേതാവ് സമ്മതിക്കുന്നു. പൊതുചെലവുകളില്‍ നിന്നും 50 ബില്ല്യണ്‍ വെട്ടിക്കുറയ്ക്കാനും, ഇയു മനുഷ്യാവകാശ കോടതികളില്‍ നിന്നും പിന്‍വാങ്ങാനും, അവശ്യമല്ലാത്ത എല്ലാ ഇമിഗ്രേഷനും നിരോധിക്കാനും രേഖ വാഗ്ദാനം ചെയ്യുന്നു.
ഇതിന് പുറമെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രധാന അവകാശങ്ങള്‍ കവരുകയും ചെയ്യുമെന്നാണ് ഫരാഗിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും, നികുതിയും തമ്മിലുള്ള കണക്ക് 'ആനുപാതികമല്ലെന്ന്' ഐഎഫ്എസ് പ്രതികരിച്ചു.
അതേസമയം ടോറികള്‍ക്ക് ഇനിയും വിജയിക്കാന്‍ കഴിയുമെന്ന ഓര്‍മ്മപ്പെടുത്തല്‍ നല്‍കുകയാണ് ഋഷി സുനാക്. ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ഉള്‍പ്പെടെ തോല്‍വി പ്രതീക്ഷിക്കുന്നതായി സമ്മതിക്കുന്നതിനിടെയാണ് സാധ്യത അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.