മേഴ്‌സിസൈഡ് സൗത്ത്‌പോര്‍ട്ടിലെ ഡാന്‍സ് വര്‍ക്ക്‌ഷോപ്പില്‍ നടന്ന കത്തിക്കുത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു, ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ടെയ്‌ലര്‍ സ്വിഫ്റ്റ് തീമില്‍ കുട്ടികള്‍ക്കായി ഡാന്‍സ്, യോഗ, ബ്രേസ്ലെറ്റ് മേക്കിംഗ് വര്‍ക്ക്‌ഷോപ്പ് നടക്കവെയാണ് കത്തിയുമായി അക്രമി ഡാന്‍സ് സ്‌കൂളിലെത്തി ക്രൂരമായ അക്രമം നടത്തിയത്.
സായുധ പോലീസും, പാരാമെഡിക്കുകളും ഡാന്‍സ് സ്‌കൂളിലേക്ക് കുതിച്ചെത്തി. ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അക്രമം നടന്നത്. ആറ് പേര്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. രണ്ട് മുതിര്‍ന്നവരാണ് ആളുകളെ സംരക്ഷിക്കാന്‍ ശ്രമിച്ചാണ് അപകടാവസ്ഥയിലായത്.
ലങ്കാഷയറിലെ ബാങ്ക്‌സ് വില്ലേജില്‍ നിന്നുള്ള 17-കാരനായ ആണ്‍കുട്ടിയാണ് കൊലപാതകം നടത്തിയെന്ന സംശയത്തില്‍ അറസ്റ്റിലായി കസ്റ്റഡിയിലുള്ളത്. ബ്രിട്ടനെ ഞെട്ടിച്ച കൂട്ടക്കൊല ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. സൗത്ത്‌പോര്‍ട്ടിലെ ഡാന്‍സ് സ്‌കൂളില്‍ കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ച് 11.47-ഓടെയാണ് സ്ഥലത്ത് എത്തുന്നതെന്ന് മേഴ്‌സിസൈഡ് പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ സെറെനാ കെന്നഡി പറഞ്ഞു.
പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ നിരവധി പേര്‍ക്ക് പരുക്കേറ്റ നിലയിലായിരുന്നു. ഇവരില്‍ അധികവും കുട്ടികളാണ്. ഇവര്‍ക്ക് ഗുരുതരമായ അക്രമം നേരിട്ട്, ഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്. ടെയ്‌ലര്‍ സ്വിഫ്റ്റ് തീം ഡാന്‍സ് നടക്കവെയാണ് പ്രതി കത്തിയുമായി ഇവിടെയെത്തി അതിക്രമം സംഘടിപ്പിച്ചത്, കെന്നഡി വ്യക്തമാക്കി.