35 ശതമാനം ശമ്പളവര്‍ദ്ധന ലഭിക്കുന്നത് വരെ സമരം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി. അടുത്ത രണ്ട് വര്‍ഷക്കാലത്തേക്ക് 22 ശതമാനം വമ്പന്‍ ശമ്പളവര്‍ദ്ധനവ് ലേബര്‍ ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത സാഹചര്യത്തിലാണ് അംഗങ്ങള്‍ ഇത് തള്ളണമെന്ന് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
ഗവണ്‍മെന്റ് ഓഫര്‍ അംഗങ്ങളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ ഇത് തള്ളണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22% ശമ്പളവര്‍ദ്ധന അംഗീകരിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായ മാസങ്ങള്‍ നീണ്ട എന്‍എച്ച്എസ് ജീവനക്കാരുടെ സമരങ്ങള്‍ക്ക് അവസാനമാകും.
എന്നാല്‍ ഓഫര്‍ തള്ളണമെന്ന് യൂണിയന്‍ അംഗങ്ങളോട് ആവശ്യപ്പെടുന്നു. 35% ശമ്പളവര്‍ദ്ധനവെന്ന ആവശ്യത്തില്‍ നിന്നും കുറഞ്ഞതൊന്നും കൊണ്ട് തൃപ്തിപ്പെടാനില്ലെന്നാണ് യൂണിയന്‍ നിലപാട്. മന്ത്രിമാര്‍ ഇത് അംഗീകരിക്കുന്നത് വരെ സമരനടപടികളുമായി മുന്നോട്ട് പോകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ഹെല്‍ത്ത് സെക്രട്ടറി മുന്നോട്ട് വെച്ച 22.3% ശമ്പളവര്‍ദ്ധന വളരെ മോശമാണെന്നാണ് ചില ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് പകരം ബിഎംഎ വീണ്ടും പരിശ്രമിച്ച്, തങ്ങളുടെ മൂല്യം നേടിയെടുക്കാന്‍ പോരാടണമെന്നും ഇവര്‍ പറയുന്നു. പുതിയ പദ്ധതി പ്രകാരം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വരുന്ന സാമ്പത്തിക വര്‍ഷം 8.1 ശതമാനം മുതല്‍ 10.3 ശതമാനം വരെ വര്‍ദ്ധനവും, 2023/24 വര്‍ഷത്തെ ബാക്ക്‌ഡേറ്റായി 4.05 ശതമാനം വര്‍ദ്ധനവും നല്‍കും.
ഇത് 2024/25 വര്‍ഷത്തെ 6 ശതമാനം വര്‍ദ്ധനവിന് പുറമെയാണ്. ഇതോടെ ആകെ പാക്കേജ് 22.3 ശതമാനത്തോളം വര്‍ദ്ധനവാണ് ലഭിക്കുക. നികുതിദായകര്‍ക്ക് 1 ബില്ല്യണ്‍ പൗണ്ട് ചെലവാണ് ഇത് വരുത്തിവെയ്ക്കുക.