ബ്രിട്ടനിലെ റോഡുകളില്‍ കുടിയേറ്റ വിരുദ്ധ കലാപകാരികളുടെ പേക്കൂത്ത് തടയാന്‍ കഴിയാതെ പോലീസ് വിയര്‍ക്കുന്നു. തീവ്ര വലത് ജനക്കൂട്ടം മിഡില്‍സ്ബറോയില്‍ ആളുകളെ തടഞ്ഞുനിര്‍ത്തി 'വെള്ളക്കാരാണോ, ഇംഗ്ലീഷുകാരാണോ' എന്ന് അന്വേഷിക്കുന്ന ഭീകരമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
വഴിയില്‍ കാര്‍ തടഞ്ഞ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'നിങ്ങള്‍ ഇംഗ്ലീഷുകാരനാണോ? നിങ്ങള്‍ വെള്ളക്കാരനാണോ?' എന്ന് ഒരാള്‍ വിളിച്ചുചോദിക്കുന്നതാണ് വീഡിയോ. ഞായറാഴ്ചയും കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളുടെ മാര്‍ച്ച് അരങ്ങേറിയിരുന്നു.
റോഡിന് നടുവില്‍ നിന്നും അക്രമികള്‍ ഈ വാഴ്ച നടത്തുമ്പോഴും കലാപ പ്രതിരോധ ഷീല്‍ഡുകള്‍ അണിഞ്ഞ് നിന്ന പോലീസ് ഇടപെടാന്‍ തയ്യാറായില്ല. ഇപ്പോള്‍ സംഭവങ്ങളില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്‌തെന്നാണ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ഡേവിഡ് ഫെല്‍ടണ്‍ അറിയിച്ചിരിക്കുന്നത്. മിഡില്‍സ്ബറോയില്‍ കാറുകള്‍ക്ക് തീകൊടുക്കുകയും, കല്ലേറ് നടക്കുകയും ചെയ്തിരുന്നു.
കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നിലവില്‍ ആവശ്യമായ ശ്രോതസ്സുകള്‍ എല്ലാം ഉണ്ടെന്നാണ് പോലീസിംഗ് മന്ത്രി ഡയാന്‍ ജോണ്‍സന്റെ നിലപാട്. ഹള്ളിലും, റോത്തര്‍ഹാമിലും അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകള്‍ക്ക് നേര്‍ക്കും അക്രമം വ്യാപിച്ചു.
റോത്തര്‍ഹാമില്‍ ഹോട്ടലിന് നേര്‍ക്കുണ്ടായ അക്രമത്തില്‍ നിരവധി ഓഫീസര്‍മാര്‍ക്ക് പരുക്കേറ്റതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. അതേസമയം ഹോട്ടല്‍ ജീവനക്കാരും, അഭയാര്‍ത്ഥികളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബ്രിട്ടനില്‍ പല ഭാഗത്തും ഏഷ്യന്‍ വംശജര്‍ക്ക് നേരെയും അക്രമം അരങ്ങേറുന്നുണ്ട്. വെള്ളക്കാരല്ലാത്തവരെ തെരഞ്ഞുപിടിച്ചാണ് അക്രമം.