ബേസ് റേറ്റ് കുറയ്ക്കാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം അടിസ്ഥാനമാക്കി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍. ഒടുവിലായി നിരക്കുകള്‍ കുറച്ച് നാറ്റ്‌വെസ്റ്റും ഈ മാറ്റത്തിന്റെ ഭാഗമായി. വീട് മാറുന്നവര്‍ക്കും, ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും അനുകൂലമായ തരത്തിലാണ് ഹൈസ്ട്രീറ്റ് ബാങ്ക് നിരക്ക് താഴ്ത്തിയത്. വിപണിയിലെ ഏറ്റവും താഴ്ന്ന അഞ്ച് വര്‍ഷ ഫിക്‌സഡ് റേറ്റാണ് ഓഫറിലുള്ളത്.
വ്യാഴാഴ്ച ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തില്‍ തീരുമാനം വരുന്നതിന് മുന്നോടിയായി ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ താഴ്ത്തി തുടങ്ങിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്.
നാറ്റ്‌വെസ്റ്റ്, വിര്‍ജിന്‍ മണി, എംപവേഡ്, ഹാലിഫാക്‌സ്, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി, സ്‌കിംപ്ടണ്‍ ബില്‍ഡിംഗ് സൊസൈറ്റി എന്നിവരെല്ലാം നിരക്കുകള്‍ കുറച്ച് നീക്കങ്ങളുടെ ഭാഗമാകുന്നുണ്ട്. പുതിയൊരു അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് തുടങ്ങിയാണ് നാറ്റ്‌വെസ്റ്റ് ഈ നിരയില്‍ മുന്നേറ്റം നടത്തിയത്.
3.97 ശതമാനത്തില്‍ അഞ്ച് വര്‍ഷത്തെ ഡീല്‍ ലഭ്യമാക്കുമ്പോള്‍ 1495 പൗണ്ടാണ് ഫീസ്. നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ 3.99 ശതമാനം ഡീലിനെയാണ് മറികടന്നത്. വാങ്ങുന്ന വിലയുടെ 40 ശതമാനമെങ്കിലും ഡെപ്പോസിറ്റായി ഉള്ള വീട് മാറുന്നവര്‍ക്കാണ് ഡീല്‍ ലഭ്യമാക്കുന്നത്.