വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരന്‍ അയല്‍വാസിയെ കൊലപ്പെടുത്തി. ഇന്‍ഡോഷ്യയിലെ വടക്കന്‍ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാര്‍ലിന്ദുഗന്‍ സിരേഗര്‍ എന്ന 45കാരന്‍ ആണ് 60 കാരനായ അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്.
പാര്‍ലിന്ദുഗന്‍ സിരേഗര്‍ വീട്ടില്‍ കയറിയാണ് അസ്ഗിം ഇരിയാന്റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാര്‍ലിന്ദുഗന്‍ പിന്തുടര്‍ന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികള്‍ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്റോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഇരിയാന്റോയുടെ ഭാര്യയുടെ മൊഴിയില്‍ നിന്നാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായത്. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ അറസ്റ്റിലായി. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരന്‍ നിരന്തരം പരിഹസിച്ചതില്‍ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ സമ്മതിച്ചു.