ഒരൊറ്റ ആഴ്ച കൊണ്ടാണ് ബ്രിട്ടനിലെ സമാധാന അന്തരീക്ഷം കലാപ കലുഷിതമായി മാറിയത്. ഒരാഴ്ച മുന്‍പ് വരെ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയ സാഹചര്യം സൗത്ത്‌പോര്‍ട്ടിലെ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ വ്യാജ പ്രചരണത്തിന്റെ ചുവടുപിടിച്ചാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിലേക്കും, കലാപങ്ങളിലേക്കും മാറിയത്. ഇപ്പോള്‍ കലാപ അന്തരീക്ഷം കൂടുതല്‍ ആളിക്കത്തിക്കാന്‍ തീവ്രവലത് പക്ഷങ്ങള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.
വിവിധ ടെലിഗ്രാം ചാനലുകള്‍ വഴി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങാന്‍ ആഹ്വാനം വന്നതോടെ ഇംഗ്ലണ്ടില്‍ പോലീസ് സേനകള്‍ ജാഗ്രതയിലാണ്. ഇമിഗ്രേഷന്‍ സെന്ററുകള്‍ മുതല്‍ അഭയാര്‍ത്ഥി ഷെല്‍റ്ററുകളും, അഭിഭാഷകരുടെ വീടുകളും ലക്ഷ്യമിട്ട് ഇന്ന് പ്രതിഷേധക്കാര്‍ എത്തുമെന്ന് തിരിച്ചറിഞ്ഞതോടെ 6000 ഓഫീസര്‍മാരെ സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം ബ്രിട്ടനിലെ 38 ഇടങ്ങളിലായി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് നീക്കമെന്നാണ് വ്യക്തമായിരിക്കുന്നത്. ബ്രിട്ടനിലെ കലാപങ്ങളില്‍ ഇതുവരെ നൂറിലേറെ പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചുരുങ്ങിയത് ഒരാള്‍ക്കെതിരെ തീവ്രവാദ നിയമങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ പറഞ്ഞു.
ആല്‍ഡെര്‍ഷോട്ട് മുതല്‍ വിഗാന്‍ വരെയുള്ള 38 പട്ടണങ്ങളിലും, നഗരങ്ങളിലുമായി പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ നിലപാട്. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, പ്ലൈമൗത്ത്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ ഇതിനകം തന്നെ അക്രമങ്ങള്‍ വ്യാപിച്ചിരുന്നു. അതേസമയം ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് ഈ പ്രതിഷേധങ്ങള്‍ നെഞ്ചിടിപ്പ് സമ്മാനിക്കുകയാണ്. പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ഭാഗങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.