CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 30 Seconds Ago
Breaking Now

ബര്‍മിംഗ് ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാന മന്ദിരം മാര്‍ യൗസേഫ് പാസ്റ്ററല്‍ സെന്റര്‍ മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിച്ചു ; ദൈവാനുഗ്രഹത്തിന് നന്ദിയര്‍പ്പിച്ച് മാര്‍ സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രൂപതാകുടുംബത്തിലെ വൈദികരും , സന്യസ്തരും അത്മായ സമൂഹവും

ബര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപത ആസ്ഥാന മന്ദിരം  മാര്‍ യൗസേഫ്  പാസ്റ്ററല്‍ സെന്ററിന്റെ ആശിര്‍വാദവും , ഉത്ഘാടനവും ബിര്‍മിംഗ്ഹാമിലെ  ഓസ്‌കോട്ട്  ഹില്ലില്‍ സീറോ മലബാര്‍ സഭാ  മേജര്‍ ആര്‍ച്ച്  ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു .

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായി എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച സന്ദര്‍ഭത്തില്‍  രൂപതക്ക് ലഭിച്ച ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി അര്‍പ്പിചു കൊണ്ട്   ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ എല്ലാ മിഷനുകളില്‍ നിന്നും ഇടവകകളില്‍ നിന്നും എത്തിയ  മുന്നൂറോളം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെയും , സീറോ മലബാര്‍ സഭയുടെയും ചരിത്രത്തിലെ നിര്‍ണ്ണയാകമായ ഈ മുഹൂര്‍ത്തം നാട മുറിച്ച്  ഉത്ഘാടനം ചെയ്യുകയും  തുടര്‍ന്ന് ആശിര്‍വാദ കര്‍മ്മം നിര്‍വഹിക്കുയും  ചെയ്തത് .

സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ്  ആശിര്‍വാദ  കര്‍മ്മങ്ങള്‍ ആരംഭിച്ചത് . മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , രൂപതയില്‍ സേവനം ചെയ്യുന്ന മറ്റ് വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികര്‍  ആയിരുന്നു .പന്ത്രണ്ട് റീജിയനുകളിലായി ഗ്രേറ്റ് ബ്രിട്ടന്‍ മുഴുവനായി വ്യാപിച്ച്  കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമാക്കി വാങ്ങിയ ഈ അജപാലന കേന്ദ്രം , പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടനിലെ  കത്തോലിക്കാ വിശ്വാസത്തിന്റെ പ്രധാന  കേന്ദ്രമായിരുന്ന ബിര്‍മിംഗ് ഹാമിലെ ഓള്‍ഡ് ഓസ്‌കോട്ട് ഹില്ലില്‍  13 , 500 ചതുരശ്ര അടി വിസ്തൃതി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് , രൂപതാദ്ധ്യക്ഷന്‍ മാര്‍  ജോസഫ്  സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ മുഴുവന്‍  വൈദികരുടെയും സന്യസ്തരുടെയും എല്ലാ  പ്രാര്‍ത്ഥനയുടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ധനസമാഹരണത്തിന്റെയും ഫലമായിട്ടാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ 1.1 മില്യണ്‍ പൌണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ച് പാസ്റ്ററല്‍ സെന്റര്‍ എന്ന ലക്ഷ്യം രൂപത സാധ്യമാക്കിയത് .

സിസ്റ്റേഴ്‌സ് ഓഫ് വിര്‍ജിന്‍ മേരി എന്ന സന്യാസിനി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്. ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകള്‍ക്കായി സെന്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.

1.8 ഏക്കര്‍ സ്ഥലവും കാര്‍ പാര്‍ക്കും ഈ പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തില്‍ നിലവില്‍ 22 ബെഡ്‌റൂമുകളും 50 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഡോര്‍മറ്ററിയും അനുബന്ധ ഹാളുകളും 50 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും 100 പേരേ ഉള്‍ക്കൊള്ളാവുന്ന ചാപ്പലുമുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങള്‍ ബില്‍ഡിംഗില്‍ ക്രമീകരിക്കാന്‍ കഴിയുമെന്നാണ് സഭാധികാരികള്‍ പ്രതീക്ഷിക്കുന്നത്.

ബ്രിട്ടണില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടാണ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ എഴുപതിനായിരത്തിലധികം അംഗങ്ങളുള്ള വിശ്വാസ സമൂഹമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വളര്‍ന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തില്‍ വിശ്വാസതീഷ്ണമായ പ്രവര്‍ത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവന്‍ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാര്‍ രൂപതാ വിശ്വാസികളുടെയും വൈദികര്‍, സന്യസ്തര്‍ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററല്‍ സെന്ററിന്റെ പ്രവര്‍ത്തനം.

കുട്ടികള്‍. യുവജനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍ എന്നിവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനും അവര്‍ക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററല്‍ സെന്റര്‍ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകള്‍ക്കും ധ്യാനങ്ങള്‍ക്കും പൊതുവായ കൂടിച്ചേരലുകള്‍ക്കും വിവാഹ ഒരുക്ക സെമിനാറുകള്‍ക്കും പാസ്റ്ററല്‍ സെന്ററില്‍ സൌകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളില്‍ വോളന്റിയര്‍ ശുശ്രൂഷ ചെയ്യുന്ന ആളുകള്‍ക്ക് സൌകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററല്‍ സെന്റര്‍ വേദിയാകും.

രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി  ചുണ്ടെലിക്കാട്ട് ,പാസ്റ്ററല്‍ കോഡിനേറ്റര്‍  റെവ  ഫാ ടോം ഓലിക്കരോട്ട് ,  , ചാന്‍സിലര്‍ റെവ ഡോ  മാത്യു പിണക്കാട്ട് , വൈസ് ചാന്‍സിലര്‍ റെവ ഫാ ഫാന്‍സ്വാ പത്തില്‍ ,ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ ജോ മൂലശ്ശേരി  വി സി , പാസ്റ്ററല്‍ കൗണ്‍സില്‍  സെക്രെട്ടറി റോമില്‍സ് മാത്യു ,  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . 

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.