ബ്രിട്ടനിലെ എന്‍എച്ച്എസ് സേവനങ്ങള്‍ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പലവിധ കാരണങ്ങള്‍ പറയപ്പെടുന്നുണ്ട്. എന്നാല്‍ ഈ കുത്തൊഴുക്കില്‍ പെട്ട് ഇംഗ്ലണ്ടിലെ പകുതിയോളം എന്‍എച്ച്എസ് ആശുപത്രികളും നിഷ്‌കര്‍ഷിക്കപ്പെടുന്ന നിലവാരം പുലര്‍ത്തുന്നില്ലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
49 ശതമാനം ആശുപത്രികളും പര്യാപ്തമല്ല, മെച്ചപ്പെടുത്തല്‍ ആവശ്യം എന്നീ വിഭാഗത്തിലാണ് വരുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഡാറ്റ വ്യക്തമാക്കുന്നു. ഈ റാങ്കിംഗില്‍ വരുന്ന ആശുപത്രികളില്‍ സേവനങ്ങള്‍ മോശമായാണ് നല്‍കുന്നതെന്നോ, ചെയ്യേണ്ട തോതില്‍ പ്രകടനം കാഴ്ചവെയ്ക്കുന്നില്ല എന്നിങ്ങനെയാണ് അര്‍ത്ഥമാക്കുന്നത്.
22 ആശുപത്രികളാണ് സിക്യൂസിയുടെ 'ഔട്ട്സ്റ്റാന്‍ഡിംഗ്' റേറ്റിംഗ് നേടിയത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ ഏഴ് ശതമാനമാണിത്. ബ്ലാക്ക്പൂളിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റല്‍, യോര്‍ക്കിലെ ദി യോര്‍ക്ക് ഹോസ്പിറ്റല്‍, ഹള്ളിലെ ഹള്‍ റോയല്‍ ഇന്‍ഫേര്‍മറി, ലണ്ടനിലെ ദി ബാര്‍കാന്റൈന്‍ സെന്റര്‍, ഉക്‌സ്ബ്രിഡ്ജിലെ ദി ഹില്ലിംഗ്ടണ്‍ ഹോസ്പിറ്റല്‍, സ്റ്റൗര്‍ബ്രിഡ്ജിലെ കോര്‍ബെറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളെയാണ് 'ഏറ്റവും മോശം' റേറ്റിംഗ് തേടിയെത്തിയിരിക്കുന്നത്.
44 ശതമാനം ആശുപത്രികള്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത സേവനങ്ങള്‍ക്കുള്ള 'ഗുഡ്' റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. വൃത്തി, ചികിത്സ നല്‍കുന്നതിലെ കാലതാമസം, ജീവനക്കാരുടെ നിസഹകരണം, നേതൃത്വമില്ലായ്മ എന്നിങ്ങനെ പോകുന്നു അസ്വീകാര്യമായ സേവനം നല്‍കുന്ന ആശുപത്രികളിലെ പ്രശ്‌നങ്ങള്‍. ജീവനക്കാര്‍ പാലിക്കുന്ന ശുചിത്വ നിലവാരത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടെന്ന് സിക്യൂസി ചൂണ്ടിക്കാണിച്ചു.