മലയാള സിനിമയില്‍ പുതുതായി രൂപീകരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിന്റെ ഭാഗമല്ലെന്ന് സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി നിലപാട് വ്യക്തമാക്കിയത്. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നുവെന്നും ലിജോ വ്യക്തമാക്കി. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ലിജോ പറഞ്ഞു. അത്തരത്തില്‍ ഒരു കൂട്ടായ്മയുടെ ഭാഗമാവാന്‍ താന്‍ ആഗ്രഹിക്കുന്ന പക്ഷം അറിയിക്കുമെന്നും ലിജോ പറഞ്ഞു. അക്കാര്യം ഔദ്യോഗിക അറിയിപ്പായി തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല . ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു . അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും . അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.'