തങ്ങളുടെ മകളുടെ അന്ത്യനിമിഷങ്ങളില്‍ നേരിട്ട ക്രൂരതയ്ക്ക് കോടതിയില്‍ സാക്ഷിയായി മാതാപിതാക്കള്‍. പൊതുസ്ഥലത്ത് നേരിട്ട ക്രൂരമായ പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ജൂറി അംഗം ഉള്‍പ്പെടെ കണ്ണീര്‍ വാര്‍ത്തത്. മൂന്ന് മക്കളുടെ അമ്മയായ 37-കാരി വെസ്റ്റ് ലണ്ടന്‍ സൗത്ത്ഹാളില്‍ രാത്രി കറക്കത്തിന് ശേഷം അബോധാവസ്ഥയില്‍ പാര്‍ക്ക് ബെഞ്ചില്‍ കിടക്കുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്.
2021 ജൂലൈ 16-ന് നടന്ന അതിക്രമങ്ങളില്‍ 35-കാരന്‍ മുഹമ്മദ് ലിഡോവാണ് യുവതിയെ നാല് തവണ ബലാത്സംഗത്തിന് ഇരയാക്കിയത്. എന്നാല്‍ സിസിടിവി തെളിവുള്ളപ്പോഴും ഇയാള്‍ ബലാത്സംഗ കുറ്റവും, നരഹത്യയും സമ്മതിക്കുന്നില്ല.
എന്‍എച്ച്എസ് ജീവനക്കാരിയായിരുന്ന നതാലി ഷോട്ടറിന്റെ സമീപം മുഹമ്മദ് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. അടുത്ത ദിവസം രാവിലെയാണ് വഴിപോക്കര്‍ ഷോട്ടറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോട്ടറിന് നേരെ തുടര്‍ച്ചയായി നടത്തിയ ബലാത്സംഗത്തില്‍ ഇവര്‍ക്ക് ഹൃദയാഘാതം നേരിട്ടാണ് മരണം സംഭവിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
ക്രൂരമായ ദൃശ്യങ്ങള്‍ കണ്ട പുരുഷ ജൂറി അംഗം കണ്ണീര്‍ വാര്‍ത്തപ്പോള്‍, രണ്ട് വനിതാ അംഗങ്ങള്‍ മുഖം തിരിച്ച് കളഞ്ഞു. ബെല്‍മാര്‍ഷ് ജയിലില്‍ നിന്നും വീഡിയോ ലിങ്ക് വഴിയാണ് ലിഡോവ് കോടതി നടപടികളില്‍ പങ്കെടുത്തത്. കടുപ്പമേറിയ ബലാത്സംഗത്തില്‍ ഷോട്ടറുടെ കഴുത്തിലെ ഞരമ്പുകള്‍ തകര്‍ന്നതാണ് കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയതാണ് ഹൃദയാഘാതം സമ്മാനിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. കേസില്‍ വിചാരണ തുടരുകയാണ്.