ശക്തമായ തോതില്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു. ലക്ഷണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീക്കങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ നീക്കത്തിന് സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ തിരിച്ചടി.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയില്‍ കഴിഞ്ഞ മാസം 254,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി കണക്കുകള്‍ പുറത്തുവന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതല്‍ ജാഗ്രതാ പരമായ നിലപാട് സ്വീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
കൂടാതെ ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ അതിവേഗത്തിലും, വളരെ നേരത്തെയും വെട്ടിക്കുറയ്ക്കുന്നതിനെതിരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഹൗവ് പില്‍ മുന്നറിയിപ്പ് നല്‍കി. ഒരു ദിവസം മുന്‍പ് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പങ്കുവെച്ച വാക്കുകളില്‍ നിന്നും നേര്‍വിപരീതമാണ് ഈ പ്രസ്താവന. പണപ്പെരുപ്പം കൂടുതല്‍ നിയന്ത്രണവിധേയമായി തുടര്‍ന്നാല്‍ ശക്തമായി പലിശ നിരക്ക് കുറയ്ക്കാന്‍ നടപടി വരുമെന്നാണ് ഗവര്‍ണര്‍ അവകാശപ്പെട്ടത്.
ഡോളറിനെതിരെ സ്‌റ്റെര്‍ലിംഗ് കഴിഞ്ഞ ആഴ്ച 1.34 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് ഇത് താഴേക്ക് പോയത്. മഹാമാരി വരുത്തിവെച്ച ആഗോള ആഘാതവും, ഉക്രെയിനിലെ അധിനിവേശവുമാണ് കഴിഞ്ഞ പണപ്പെരുപ്പ വര്‍ദ്ധനവിന് ഇടയാക്കിയതെന്ന് പില്‍ ലണ്ടനില്‍ സംസാരിക്കവെ ഓര്‍മ്മിപ്പിച്ചു. ഇതിനാല്‍ നിലവിലെ സ്ഥിതിയില്‍ റേറ്റ് കുറയ്ക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.