ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്ന തിരക്കിലാണ് ഹോം ഓഫീസ്. നിയമപരമായി എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഹോം ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ നേരിടുന്ന ഗുരുതര വീഴ്ചകള്‍ മറച്ചുവെയ്ക്കപ്പെടുന്നുവെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് പുറത്തുവരുന്നത്. രാജ്യത്ത് ജോലിക്കായി വിസ ലഭിച്ച് എത്തുന്നവര്‍ ഇതിന്റെ കാലാവധി കഴിഞ്ഞാല്‍ തിരിച്ച് മടങ്ങുന്നുണ്ടോയെന്ന് പോലും ഹോം ഓഫീസിന് വിവരമില്ലെന്നതാണ് ഞെട്ടിക്കുന്ന അവസ്ഥ.
വിസാ കാലാവധി പൂര്‍ത്തിയായ ശേഷം വിദേശ ജോലിക്കാര്‍ അനധികൃതമായി ജോലി തുടരുന്നുണ്ടോയെന്ന് പോലും ഹോം ഓഫീസിന് അറിയില്ലെന്നാണ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. രാജ്യം വിട്ട് പോകേണ്ട സമയത്ത് എത്ര പേര്‍ ഇത് കൃത്യമായി പാലിക്കുന്നുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റിന് അറിയില്ലെന്ന് പിഎസി പറയുന്നു.
ഇതോടെ 2020 അവസാനത്തില്‍ ആരംഭിച്ച സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ആശങ്ക ശക്തമാകുകയാണ്. 'വിസാ കാലാവധി കഴിഞ്ഞവര്‍ മടങ്ങി പോകുന്നുണ്ടോയെന്ന് ഹോം ഓഫീസിനോട് ചോദിച്ചു. എന്നാല്‍ വിമാനയാത്ര ഉപയോഗിക്കുന്ന ആളുകളുടെ പാസഞ്ചര്‍ ഡാറ്റ മാത്രമാണ് തങ്ങളുടെ കൈയിലുള്ളതെന്നായിരുന്നു ഹോം ഓഫീസ് മറുപടി', പിഎസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവേശിച്ചവര്‍ മടങ്ങിപ്പോകുന്നത് ഹോം ഓഫീസ് പരിശോധിക്കുന്നില്ല. വിസാ കാലാവധി കഴിഞ്ഞാല്‍ ഇവര്‍ മടങ്ങുമെന്ന് യാതൊരു കണക്കുമില്ല. ഇങ്ങനെ നോക്കിയാല്‍ എത്ര പേര്‍ യുകെയില്‍ അനധികൃതമായി ജോലി തുടരുന്നുണ്ടാകും?, റിപ്പോര്‍ട്ട് ചോദിക്കുന്നു. എന്നിരുന്നാലും പുതിയ ഡിജിറ്റല്‍ വിസാ സിസ്റ്റം നടപ്പിലാക്കുമ്പോള്‍ പുറത്തേക്ക് പോകുന്നവരുടെ വിവരങ്ങള്‍ കൂടുതല്‍ കൃത്യമായി ലഭിക്കുമെന്ന് അധികൃതര്‍ കമ്മിറ്റിയെ അറിയിച്ചു.